മെസ്സി!

മെസ്സി!

കിനാവ്

എന്തൊരു
മായാജാലക്കാരനാണ് നീ!.
നിന്നോടൊപ്പമാകുമ്പോൾ
‘അൽ ഹിൽമിന്’*
എന്തൊരുത്സാഹമാണ്!

പ്രിയപ്പെട്ടവനേ,
കാല്പന്തുകൊണ്ട്
കവിതയാകാൻ
നീ ഏതക്കാദമിയിൽനിന്നാണ്
ബിരുദമെടുത്തത്!

പന്തുകിട്ടുമ്പോഴെല്ലാം
നിന്റെ കാലുകൾക്കിത്ര
ആവേഗമെവിടുന്നാണ്
കൈവരുന്നത്!

സ്വർണ്ണപാദുകമണിയാൻ
നിങ്ങൾ
ഒത്തുകളിക്കുകയാണോ!

പ്രവാചകന്മാരെപ്പോലെ
ഓരോ കാലത്തും
ഓരോ മറഡോണമാർ
ജനിക്കാറുണ്ടല്ലേ!

ഇനിയൊരു നാളിൽ
അൾവാരസ്
നിന്റെ കുപ്പായമണിയുമ്പോൾ
നീ ഗാലറിയിലിരിപ്പുണ്ടാകണം
പരിശീലകനായി!

ഫ്രഞ്ചുപടയാളി
എംബപ്പെയോടു
മുട്ടുമ്പോൾ
പക്ഷേ ഗോൾവലകുലുക്കാൻ
നിനക്കാകുമോ!

പ്രകാശവേഗത്തിലും
ചില്ലക്ഷരംപോലെ
വെട്ടിത്തിരിയാൻ
ഏതു സർവ്വകലാശാലയിൽനിന്നാണ്
പഠിച്ചത്!

സ്വർണ്ണപാദുകം
നിന്റെ അളവിൽത്തന്നെയാണോ
തയ്യാറാക്കിയിരിക്കുന്നത്!

ലോകം മുഴുവൻ
നിന്റെ പേരിനാൽ,
നിന്റെ രാജ്യത്തിനാൽ
വാഴ്ത്തപ്പെടുന്നത്
എന്തൊരുന്മാദമാണല്ലേ!

ജനിക്കുമ്പോൾ
നിന്നെപ്പോലെ
കാല്പന്തുരാജാവായി
ജനിക്കണം.

  • അൽ ഹിൽമ്- കിനാവ് എന്നർത്ഥമുള്ള പന്ത്,
    ലോകകപ്പ് സെമിഫൈനൽ മുതൽ ഉപയോഗിക്കുന്നത്.