മൺകൊട്ടാരത്തിരത്തിലേക്കൊരു വരവേൽപ്പ്

മൺകൊട്ടാരത്തിരത്തിലേക്കൊരു വരവേൽപ്പ്

അലി മുബാറക്ക്

തീരെ ക്ഷീണിതനായ എനിക്ക് അന്ന് അവളുടെ സൻദൂക്ക് ചുമന്നപ്പോൾ ക്ഷീണം ഉണ്ടായില്ല.നിശബ്ദതയുടെ, ആത്മാക്കളുടെ സങ്കേതമായ പള്ളിക്കാട്ടിലേക്ക് ആ സൻദൂക്ക് കൊണ്ടുവരപ്പെട്ടു.ആറടി മണ്ണിന്റെ ആഴപ്പരപ്പിലേക്ക് ഞാൻ ഇറങ്ങി.വെള്ള പുതച്ച അവളുടെ ശരീരം ഇരുകരം നീട്ടി നെഞ്ചോട് ചേർത്തുകൊണ്ട് ആ മണൽപരപ്പിലേക്ക് അവളെ കിടത്തി.പടിഞ്ഞാറേക്ക് അവളുടെ ശിരസ്സിനെ തിരിച്ചുവച്ചു.എന്റെ മുൻപിലേക്ക് നീട്ടിയ പലക ഓരോന്നായി ആ മൺവീഥിയിലേക്ക് ഞാൻ അടുക്കി വെച്ചു.ഓരോ പലക വയ്ക്കുമ്പോഴും അവളുടെ വദനത്തിലേക്ക് അടിച്ച പ്രകാശകിരണങ്ങൾ ഇരുട്ടായി രൂപമാറ്റം കൊണ്ടു .അവസാന പലക വയ്ക്കുന്നതിനു മുമ്പ് അവളുടെ മേനിയിൽ അവസാനമായി ഞാൻ തൊട്ടു .അപ്പോഴേക്കും പലകയുടെ മുകളിലേക്ക് മണ്ണിടപ്പെട്ടു.ഒടുവിൽ മൂന്ന് പിടി മണ്ണെടുത്തു കൊണ്ട് ഞാൻ ചൊല്ലി

“മിൻഹാ ഹലഖ്നാക്കും
വ മിൻഹാ നുഈദുക്കും
വ മിൻഹാ നുഖ്രിജുക്കും താറത്തൻ ഉഖ്റാ….”

ഇത് മൊഴിഞ്ഞപ്പോഴേക്കും എൻറെ ശബ്ദം ഇടറി.ഉള്ളു വിങ്ങി , ഹൃദയം തകർന്നു.ഞാനറിയാതെ എന്റെ നയനങ്ങളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു..തലയ്ക്കലും കാലിലും ഓരോ ചെടിനാട്ടി.അത് നനയ്ക്കാൻ വെള്ളം എത്തുന്നതിന് മുമ്പ് തന്നെ ഞാൻ കണ്ണുനീർ പാകി നനച്ചു.എല്ലാവരും പിരിഞ്ഞു.അവളുടെ അരികിൽ നിന്നും ഞാൻ എഴുന്നേറ്റു .അവസാനമായി എൻറെ ചെരുപ്പിന്റെ ശബ്ദം മറഞ്ഞപ്പോൾ അവളുടെ റൂഹ് പിടഞ്ഞു കാണും. അതിലേറെ എൻറെയും…..