മുഹമ്മദ് ഷെമിൽ
രണ്ട് പത്തായങ്ങൾ
ആകാശത്തൊന്നും
മറ്റേത് ഭൂമിയിലും
അലമുറയിടുന്ന ശൂന്യതയിൽ
ബലികഴിപ്പിച്ച
പാദങ്ങളറ്റ മരങ്ങളുടെ
ഉറച്ച നോട്ടം താങ്ങാതെ
അവൻ മണ്ണിലേക്കാണ്ടു
താൻ തീറ്റിപ്പിച്ച ആർത്തികൾ
മണ്ണറക്കുള്ളിലും ഭിക്ഷാടനമോ…
വയറ്റത്തടിച്ച് അവർ കേണുന്നു
ഒരു തുള്ളി വെള്ളം…
തെന്നിവീണ
കാലി കുടത്തിനരികിൽ
തൊണ്ടയൊട്ടി മൂകരായ
മേഘങ്ങളുടെ കാത്തിരിപ്പിനെ
വർണിക്കാതെ
ദൈവത്തിലേക്ക് കയ്യുയർത്തിയപ്പോൾ
വിണ്ണിൽ താക്കോലിന്റെ
പൊട്ടിച്ചിരി കേൾക്കാം
ഒന്നാം പത്തായം തുറക്കപ്പെടുന്നു
മോചിതരായ മഴക്കൂട്ടം
പാത്തുവെച്ച സ്വപ്നങ്ങൾ
നിറച്ച ഭരണികളുമേന്തി
നിരയൊടിഞ്ഞെങ്കിലും
വഴി തെറ്റിക്കാതെ
പരസ്പരം കലഹിച്ച്
ഭൂമിയുടെ മുതുകിൽ
ആഞ്ഞുമുട്ടി വരവറിയിച്ചു
നനഞ്ഞ സ്വരം കേൾക്കേണ്ട താമസം
രണ്ടാം പത്തായവും തുറക്കപ്പെടുന്നു
മണ്ണ് കീറി കണ്ണ് തുറന്ന
പുതുനാമ്പുകൾ
വ്യഗ്രതയോടെ പിച്ച വെച്ച്
ബാല്യവും കൗമാരവും യൗവനവും
പ്രസവിക്കുന്ന ചില്ലകൾ
ദൈവത്തോട്
നാഴികക്ക് നാൽപ്പത് വട്ടം
പ്രാർത്ഥിക്കുന്നു
ജടപിടിച്ച പാദങ്ങൾ
ദൈവികതയിലേക്ക് തലപൂഴ്ത്തി
ചുരുളില്ലാ രഹസ്യങ്ങൾക്കിളിൽ
മുട്ടുകുത്തി സ്തുതിക്കുന്നു
അനുഗ്രഹങ്ങളുടെ മൗനാവിഷ്കാരങ്ങൾ
ചുറ്റുപാടും തർക്കിക്കുമ്പോഴും
മാനവനതാ അസ്ത്രവും പൂജിച്ച്
തലകൊയ്യാൻ തക്കം പാർത്തിരിക്കുന്നു
അവരറിയുണ്ടോ…
താക്കോലുകളപ്പോഴും
ദൈവത്തിൽ ഭദ്രമാണെന്ന്…