റഫറൻസ് ഫ്രെയിം

റഫറൻസ് ഫ്രെയിം

താരാനാഥ് ആർ

ണിം ണിം ണിം എന്നു മണിയൊച്ച
ഉച്ചത്തിൽ ഒരു പൂക്കിൽ
പൂച്ച മന്ത്രത്താൽ
മീൻകാരൻ
മീൻ നിവേദിക്കുന്നു
പൂച്ച സ്വീകരിക്കുന്നു
അടുക്കളപ്പുറത്ത്
“ഇഷ്ടമുള്ള് ” വഴിപാട്
ഇലയിൽ വെച്ച് അമ്മ
പൂച്ചയെ
ആരാധിക്കുന്നു
മ്യാവൂ എന്ന ശബ്ദ പ്രസാദം
ചെവിയിൽ ചൂടുന്നു
ഒരു എലി
ബലി മൃഗം പോലെ വന്നു
കീഴടങ്ങുന്നു
അതിൻ്റെ ആത്മാവിന്
മൂഷികസ്വർഗ്ഗം
സുനിശ്ചിതമാവുന്നു
പൂച്ച വലുതാണ്
തൻ്റെതായ
ഇടത്തിൽ
ഇരുട്ടിൽ
ആകാശം മുട്ടുന്നത്ര വലിപ്പത്തിൽ
അമ്പിളിപ്പാൽപ്പാത്രം
നാവെത്തും ദൂരത്താണിപ്പോൾ ..
കാൽച്ചോട്ടിലെ ഇട്ടാവട്ടമാണ് ഭൂമി.
നമ്മൾ കാണുന്ന പൂച്ചയല്ല
പൂച്ച കാണുന്ന പൂച്ച
പ്രപഞ്ചം തനിക്കായ് ഒരുക്കിയ പ്രപഞ്ചത്തിലെ ദൈവമാണത് .