റാഞ്ചിക്കാക്ക

റാഞ്ചിക്കാക്ക

അനീഷ് ഹാറൂൺ റഷീദ്

മുറ്റത്തെ തൈമാവിൽ ഒരു കാക്ക
വന്നിരിക്കുന്നു
കുട്ടിക്കാലം മുതലേ
കാക്കൻമാരെ കാണാറുണ്ട്
മൂന്നാം ക്ലാസ്സിലെ മൂന്നാം പാഠം
കാക്കയായിരുന്നു
ദേ കാക്ക ദേ കാക്ക
എന്നു പറഞ്ഞ്
അമ്മ
പേടിപ്പിക്കുന്നതിപ്പോഴുമോർമ്മയിലുണ്ട്

ഇരുട്ടിന്റെ കിടാത്തി ,
രാത്രിയുടെ പക്ഷിയും , ബലിഭുക്ക് ,
മൃത്യുഭൂതമെന്നും
കാക്കാധിക്ഷേപങ്ങളേറെയുണ്ട്

അങ്ങനെ കാക്കയിലൂടെ ബാല്യത്തിലേക്കും കൗമാരത്തിലേക്കും യൗവ്വനത്തിലേക്കും
പറന്ന് തിരിച്ചെത്തിയപ്പോഴും കാക്ക മരക്കൊമ്പിൽ തന്നെ കുത്തിയിരിക്കുന്നു

ഞാൻ കാക്കയേയും കാക്ക എന്നേയും നോക്കിക്കൊണ്ടേയിരുന്നു

അന്നേരം
എന്റെ പ്രതിബിംബത്തെ കണ്ണാടിയിൽ നോക്കിയപ്പോൾ ഒരു കാക്ക
കണ്ണാടിയിലൂടെ പറക്കുന്നു

പോ കാക്കേ …
കൈയ്യൊന്നുയർത്തിയപ്പോൾ
കാക്കയുടലൊന്നനക്കി , ചിറകൊന്നടിച്ചു
അവിടെ തന്നെ പിന്നേയും കുത്തിയിരുന്നു

പിന്നേയും പിന്നേയും
കാക്കയെ സൂക്ഷിച്ചു നോക്കിയപ്പോൾ
കാക്കയിതാ
എന്നെ
റാഞ്ചാനൊരുങ്ങുന്നതുപ്പോലെ ,

കാക്കൻമാര് പെൺകുട്ട്യോളെ റാഞ്ചുന്ന ജീവിയാണെത്രെ

കാക്കയെ ചില തമ്പ്രാട്ടിമാര്
കഴുകനെന്നാണ് വിളിക്കാറ്…