ലക്ഷണം

ലക്ഷണം

താരാനാഥ് ആർ

ചിറകില്ലാതിരിക്കുന്ന ജീവികൾക്കെല്ലാമുള്ളിൽ
ഒരു നാൾ പറക്കേണമെന്ന പൂതിയുണ്ടാകും
ഞാനുമീയുറുമ്പുമാപൂതി തൻ പൂമെത്തയിൽ
വിസ്തൃത നീലാകാശം നോക്കി വാപൊളിക്കുന്നൂ
അന്നൊരു വിഷുത്തലേന്നാവേശമോടെ ഞങ്ങൾ
പറക്കും പരിപാടി പ്ലാനിട്ടു
രഹസ്യമായ്

മുക്കണ്ണൻ ചിരട്ടയിൽ തുളയിട്ടതിനുള്ളിൽ
ഓലപ്പടക്കം വെച്ചു നിർമ്മിച്ചൂ ചെറു റോക്കറ്റ്
തീ തട്ടാതൊരറ്റത്തു പറ്റിപ്പിടിച്ചിട്ടുണ്ടാം
ഞങ്ങടെ രണ്ടാളുടേം
ചിറകുള്ളതിമോഹം
പകച്ചു പകച്ചു ഞാൻ തീ പകർന്നപ്പോൾ , ടപ്പേന്നു പറന്നല്ലോ
തേങ്ങ തൻ തലയോട്ടി
കത്തിയ മരുന്നിൻ്റെ ഗന്ധവും കാറ്റിൽ പുക
വട്ടത്തെ നിർമ്മിച്ചോരു കാഴ്ചയും, ഞൊടിയിടെ
ഉറുമ്പിൻ ലഘുത്വവും ഭൂമി തൻ ഗുരുത്വവും
ഒരു ബിന്ദുവിൽ, ഒരു നിമിഷം , ഇണ ചേർന്നു
ഇളതൻ സ്നേഹാശ്ലേഷം താങ്ങുക വയ്യ .. അവർ താഴോട്ട് നിപതിച്ചു
പോയ വേഗത്തിൽത്തന്നെ

ഓടി ഞാൻ ചെന്നൂ , യാത്രാവിവരം കേൾക്കാൻ ,
കാതു കൂർപ്പിച്ചു , കത്തീ കണ്ണുകൾ സവിസ്മയം
പൊട്ടിയ ചിരട്ടയിൽ തല പൊക്കി നിന്നൂ ബോധോദയം
വന്നൊരു ബുദ്ധനെപ്പോലെൻ മിത്രം
നീട്ടിയ കൊമ്പാൽ ഒന്നു കുടഞ്ഞൂ,
സഗൗരവം മൊഴിഞ്ഞൂ, ഞങ്ങൾ
സമശീർഷരായീ ക്ഷണം !

മേൽപ്പോട്ട് മാനം മാടി വിളിക്കുന്നതിനേക്കാൾ
സ്നേഹത്തിൽ വിളിക്കുന്നു മണ്ണ് നമ്മളെ നിത്യം ..
നമ്മളതറിയാതെ മേലോട്ട് മാത്രം നോക്കി
വിസ്മരിക്കുന്നു ഭൂവിൻ നിസ്തുല പ്രണയത്തെ
പിറ്റേന്നു കണി കണ്ടൂ ഉറുമ്പും ഞാനും
ഭൂമി നമുക്കായ് വിളയിച്ച വിഭവം കൃതജ്ഞരായ്
ഏറ്റവും പ്രിയമുള്ള വർഗ്ഗത്തെയത്രേ ഭൂമി ചിറകില്ലാതാക്കി
ത്തീർത്തു ചേർത്തു വെക്കുന്നൂ ഹൃത്തിൽ !