വരൂ കാട്ടിലേക്ക്

വരൂ കാട്ടിലേക്ക്

കണിയാപുരം നാസറുദ്ദീൻ

വരൂ കാട്ടിലേക്ക്
ഇളം കാറ്റ് കൊള്ളാം
ഇളംകാറ്റിലാടും മരച്ചില്ല കാണാം
വരൂ കാട്ടിലേക്കീ കൊടുംചൂടിൽനിന്നു
മേറെത്തണുപ്പേകുമുൾക്കാട്ടിലേക്ക്
ഇടതൂർന്നിഴചേർന്ന് നിൽക്കുംമരങ്ങൾ
ഇണചേർന്നുരുമ്മിക്കഴിയുംമൃഗങ്ങൾ
സ്നേഹം തളിർക്കും വനക്കാഴ്ച കാണാം
ദാഹം കെടുത്തും ഇളംചോല തേടാം
വരൂകാട്ടിലേക്കീ കൊടുംചൂടിൽ വേവുന്ന
കോൺക്രീറ്റു കാട്ടീന്നുമുൾക്കാട്ടിലേക്ക്
പാറിപ്പറക്കും പറവാ കുരുവികൾ
ആരവത്തോടെയൊഴുകും അരുവികൾ
ഈണത്തിൽ പാട്ടുകൾ പാടും കുയിലുകൾ
ശാന്തിശ്വസിക്കാൻ വരൂകാട്ടിലേക്ക്
മണ്ണിലേക്കോടിയെത്തുന്നൊരാ വെയിലീന്ന്
മണ്ണിന് കവചമായ് നിൽക്കുംമരങ്ങൾ
അന്യരിൽനിന്ന് തൻകുഞ്ഞിനെ കാക്കുന്ന
വന്യമൃഗങ്ങൾതൻ സ്നേഹവും കാണാം
വരൂ കാട്ടിലേക്കിളംകാറ്റ് കൊള്ളാം
ഇളംകാറ്റിലാടുംമരച്ചില്ല കാണാം
കൊല്ലൽ കളവ്ചതി പാരവയ്ക്കൽ
ഒന്നുമേയില്ലാത്തൊരീത്തണൽ കൊള്ളാം
വിഷംതീരെയില്ലാത്തശുദ്ധക്കനികൾ
ഭുജിക്കാം കഴിക്കാം വരൂ കാട്ടിലേക്ക്
വരൂകാട്ടിലേക്കീ കൊടുംക്രൂരഹത്യകൾ
ചെയ്യുന്ന മർത്യരീന്നുൾക്കാട്ടിലേക്ക്
ഇളം കാറ്റ് കൊള്ളാൻ
അല്പം തണുക്കാൻ
വരൂ കാട്ടിലേക്ക് വരൂ കാട്ടിലേക്ക്