വഴിയോരക്കാഴ്ചകള്‍

വഴിയോരക്കാഴ്ചകള്‍

സതീഷ് അയ്യർ

മനസ്സിന്റെ സമനില
കുടഞ്ഞിട്ടത്…
ചില ഭ്രാന്തന്‍ ചിന്തകള്‍.!!
കണ്ണീര്‍ ചാറിയ വഴികളില്‍
ചോരക്കണ്ണുകളുമായ്…
ശവംതീനികള്‍ കാത്തിരിപ്പുണ്ട്.!!
ചോരചിതറുന്ന തെരുവുകളില്‍…
നിലവിളിശബ്ദങ്ങള്‍ ഇരുളിലമരുന്നു.!!
തോല്‍വി മരണത്തിലേയ്ക്കും…
വിജയം അടിച്ചമര്‍ത്തലിലേയ്ക്കും
ഊളിയിട്ടു പായുന്നു.!!
വഴിക്കണ്ണുകളിലുടക്കുന്നത്…
ചില നഗ്നതകള്‍ മാത്രം.!!
നേരിനെ കൊന്ന ചിലദിനങ്ങള്‍…
കറുത്തും,ചുവന്നും കടന്നുപോകുന്നു.!!
വാക്കുകള്‍ പൊട്ടിത്തെറിക്കുന്ന…
നിരത്തിന്റെ നഗ്നസത്യങ്ങള്‍,
മഞ്ഞക്കടലാസുകളില്‍ ചിതല്‍തിന്നുന്നു.!!
ചിലസ്വപ്നങ്ങള്‍ കണ്ണീരുപ്പുകുടിക്കുമ്പോള്‍…
ആര്‍ത്തിമോഹങ്ങള്‍,
കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ,
പാഞ്ഞുയരങ്ങള്‍ കീഴടക്കുന്നു.!!
അരക്കില്ലങ്ങൾ കത്തിയെരിയുന്ന…
ചുടലപ്പറമ്പുകള്‍,
ശവദാഹാര്‍ത്തിയാല്‍ ചോരമണം കൊതിച്ചിരിക്കുന്നു.!!
ഒരുപിടി ബലിച്ചോറിനായ്…
വായുംകീറയിരിക്കുന്നു ചിലജന്മങ്ങള്‍.!!
തലച്ചോറ് കൊത്തിപ്പറക്കുവാന്‍…
കാവലിരിക്കുന്നുണ്ട്,
വഴിയോരക്കാട്ടിലെ കഴുകന്മാര്‍.!!
ഞാനിനിയും യാത്ര തുടരുകയാണ്…
സമനില തെറ്റിയ മനസ്സുമായ്…
ഒരു ഭ്രാന്തന്റെ വാക്കുകളും,വരികളും ചുമന്ന്.!!