ഗംഗാധരന്‍ ചെങ്ങാലൂര്‍
പതിനേഴുകൊല്ലം മുമ്പ് വയറ്റില്‍പെട്ട ഒരു ലോഹപ്പൊട്ട് വളര്‍ന്നു വലുതായി സദാസമയവും ചങ്കില്‍ കുത്തിനില്‍ക്കുകയാണ് കുഞ്ഞിറ്റിയാപ്പന്. കണ്ണില്‍പെടാത്ത കൊച്ചു കരടുപോലെ തോന്നിച്ച ലോഹപ്പൊട്ട് എടുത്തു കളയാന്‍ പറ്റുന്നതിനുമുമ്പ് ചങ്കിലൂടെ ഇറങ്ങി അന്നനാളം വഴി വയറിലെത്തുകയാണുണ്ടായത്. കുടിലില്‍ എന്തോ ഒരു കൊച്ചുമുള്ള് മുനവച്ചു കോറുന്നതായി തോന്നിയെങ്കിലും ദഹനം നടക്കുമ്പോള്‍ പുറത്തേക്കു പോയ്‌ക്കൊള്ളുമെന്ന് കുഞ്ഞിറ്റിയാപ്പന്‍ കണക്കുകൂട്ടി. തുന്നുന്ന സൂചിയും കരിങ്കല്‍ ചീളുകളും ഡബിള്‍ പിന്നുമൊക്കെ റേഷനരി വഴിയും ചായക്കട പലഹാരങ്ങള്‍ വഴിയും കടന്നുകൂടിയത് എത്ര പേര്‍ക്ക് യാതൊരപകടവുമുണ്ടാക്കാതെ, ആരേയും അറിയിക്കേണ്ട ആവശ്യം വരാതെ, നിരുപദ്രവകരമായി ദഹനഗ്രന്ഥി സഹായിച്ച വാര്‍ത്തകള്‍ പത്രങ്ങളിലും ടിവി ചാനലുകളിലും വന്നിട്ടുണ്ട്. ആ വകയൊക്കെ ഓര്‍മ്മയില്‍ പറന്നെത്തിയതുകൊണ്ട് കുഞ്ഞിറ്റിയാപ്പന്‍ ഭാര്യ തങ്കമ്മയോടുപോലും ലോഹപ്പൊട്ടിനെപറ്റി ഒരക്ഷരം ഉരിയാടാന്‍ പോയില്ല. ഉരിയാടിയിട്ടും വലിയ കാര്യവുമില്ല ; പ്രസവശേഷം തങ്കമ്മ സര്‍വ്വബോധങ്ങളും പോയി സര്‍വ്വാംഗം കുഴഞ്ഞു കിടക്കുകയായിരുന്നു. എന്നാലിപ്പോള്‍ കുഞ്ഞിറ്റിയാപ്പന് സംഗതി ആരോടെങ്കിലും പറയാതെ വയ്യെന്നായി ; കേള്‍ക്കാന്‍ തങ്കമ്മ ഈ ലോകത്തിലില്ലെങ്കിലും. അവഗണിച്ചുവിട്ട ലോഹപ്പൊട്ട് വയറ്റില്‍ കിടന്നു വലുതായി വലുതായി കനവും പരപ്പും ആര്‍ജ്ജിച്ച് വയറാകെ നിറഞ്ഞു നില്‍ക്കുന്നു. ചങ്കില്‍ അതിന്റെ വിഗ്രഹസ്തൂപംപോലുള്ള മുകള്‍ഭാഗം വന്നു കുത്തുമ്പോള്‍ കുഞ്ഞിറ്റിയാപ്പന് വയറ്റില്‍ കിടക്കുന്ന അതിന്റെ രൂപം വ്യക്തമായും ഊഹിക്കാന്‍ കഴിഞ്ഞു. ശരിക്കും ഒരു കൊച്ചുവാല്‍ക്കണ്ണാടിതന്നെ. ലോഹത്തിന്റെ തകിടിന് വിഗ്രഹാഗ്രംപോലെ കമാനം വച്ചുപിടിപ്പിച്ച വാല്‍ക്കണ്ണാടി. ഇടക്ക് കണ്ണാടി ചുട്ടെടുക്കുന്ന പൊള്ളല്‍ അനുഭവപ്പെടാന്‍ തുടങ്ങിയത് ഏറിയേറി വന്ന് സദാസമയവും ലോഹക്കൂട്ട് ഉലയില്‍ ഉരുകുന്ന പൊള്ളലായി വിടാതെ നോവിക്കാനും തുടങ്ങി. അപ്പോഴൊക്കെ ആറന്മുള കണ്ണാടിയെ അതിജീവിക്കുന്ന തിളക്കം വാല്‍ക്കണ്ണാടിക്കുണ്ടാവുന്നതായി കുഞ്ഞിറ്റിയാപ്പനറിഞ്ഞു. സ്ഫടികസമാനമായ പ്രതിബിംബം സദാ കണ്ണാടിയില്‍ തെളിഞ്ഞു വന്നു ; ഒപ്പം ലോഹക്കൂട്ട് ഉരുകുന്ന പൊള്ളലും.
ആദ്യപൊള്ളല്‍ പഴങ്കഞ്ഞിയില്‍നിന്നായിരുന്നുവെന്ന് കുഞ്ഞിറ്റിയാപ്പന്‍ ഓര്‍ക്കുന്നു. മൂന്നു രാവുപകലുകളുടെ പേറ്റുനോവ് വശംകെടുത്തിയ തങ്കമ്മുവിന്റെ പായയില്‍നിന്ന് ളേ’യെന്ന ചോരക്കുഞ്ഞിന്റെ കരച്ചില്‍കേട്ട സമാധാനത്തില്‍ മൂന്നു ദിവസം മുമ്പുണ്ടാക്കിയ പഴങ്കഞ്ഞി ഇടതടവില്ലാതെ ചങ്കിലൂടൊഴുകുമ്പോഴാണ് പേറ്റിച്ചിയുടെ വിളിച്ചറിയിക്കല്‍ ചെവിക്കുറ്റിയില്‍ വീണത് : ഒര് വാല്‍ക്കണ്ണാടി കര്തിക്കോ കുഞ്ഞിറ്റിയാപ്പ.
രണ്ടാമത്തെ പൊള്ളല്‍ രണ്ടാമത്തെ ദിവസംതന്നെ കിട്ടി. പ്രസവം കഴിഞ്ഞശേഷം കണ്ണുമിഴിച്ച് കുഞ്ഞിനു മുല കൊടുക്കുകയോ പ്രഭാതകൃത്യങ്ങള്‍ക്കായി ഉണരുകയോ ഉണ്ടായില്ല തങ്കമ്മു. വാടിയ കൂവളത്തിലപോലെ കണ്‍മിണ്ടകള്‍ അടച്ച് , വെയിലില്‍ തളര്‍ന്ന വാഴത്തണ്ടുകള്‍പോലെ കൈകാലുകള്‍ വളച്ചിട്ട് ഒറ്റ കിടത്തംതന്നെ.
പൊതുശ്മശാനത്തില്‍ ഭാര്യയുടെ ജഢം കത്തിത്തീരുന്നതുവരെ അമ്മുവിനെ ഇരുകൈകളിലും കിടത്തി ഏകനായി അര്‍ദ്ധരാത്രിയിരിക്കുമ്പോള്‍ അയാളുടെ കൈവിരല്‍ പൊക്കിള്‍ കുഴിക്കു മീതെ ഉരസി നടന്നു. അവള്‍ ഒരു ടെന്നീസ് പന്തിന്റെ വലിപ്പം പ്രാപിച്ചിരിക്കുന്നു.
അമ്മുവിനു മൂന്നു വയസ്സാകുന്നതുവരെ കുഞ്ഞിറ്റിയാപ്പന് പൊക്കിള്‍കൊടിക്കു മുകളില്‍ തടവാനോ അവളുടെ വളര്‍ച്ച പരിശോധിക്കുവാനോയുള്ള ഏകാന്തതയോ സമയമോ കിട്ടിയതേയില്ല. വയറ്റില്‍ കിടക്കുന്ന അവളെപ്പറ്റി അതിനാല്‍ ചിന്തിക്കുകപോലും ഉണ്ടായില്ല. എങ്ങിനെയെങ്കിലും അമ്മുവിനെ ദാരിദ്ര്യം അറിയിക്കാതെ അസുഖങ്ങളില്‍നിന്നു രക്ഷപ്പെടുത്തി വളര്‍ത്തിയെടുക്കണമെന്നു മാത്രമായിരുന്നു അയാളുടെ ചിന്ത. പണമില്ലാതെ അതൊന്നും സാധിക്കുകയില്ലെന്നറിയാമായിരുന്ന അയാള്‍ ഏതു കഠിനാദ്ധ്വാനത്തിനും തയ്യാറായി. കള്ള്, താറാമുട്ട, ബീഡി, ചായ മുറുക്കാന്‍ ഊണ് തുടങ്ങിയ മിനിമം ആവശ്യങ്ങള്‍ക്കായി ദിവസേന നൂറുരൂപയും ആഴ്ചയിലൊരിക്കല്‍ അരക്കുപ്പി ബ്രാണ്ടി നോക്കുകൂലിയായും കൊടുക്കേണ്ടിവന്നുവെങ്കിലും അമ്മുവിനെ നോക്കാന്‍ ചീരുത്തള്ളയെ അയാള്‍ നിയോഗിച്ചു. മറ്റാരെങ്കിലും വരണമെങ്കില്‍ താമസസ്ഥലം തന്നെ മാറ്റേണ്ടിവരും. ചീരുത്തള്ളയാണെങ്കില്‍ പലപ്പോഴായി രണ്ടുമൂന്നു കുപ്പികളും ബീഡിയും മുറുക്കാനുമായി വിസര്‍ജ്ജ്യനാറ്റം അറിയാതെ കഴിഞ്ഞുകൊള്ളും. ചീരുത്തള്ളക്കുള്ള പ്രതിഫലവും അമ്മുവിനുവേണ്ട പാല്, ഹോര്‍ലിക്‌സ്, ജോണ്‍സണ്‍ പൗഡര്‍, സോപ്പ് തുടങ്ങിയ ആഹാര അലങ്കാരവസ്തുക്കളും നടക്കാന്‍ അയാള്‍ക്കു നന്നേ അദ്ധ്വാനിക്കേണ്ടിവന്നു. അയാള്‍ പുതിയ റെയില്‍വേ ട്രാക്കിന്റെ നിര്‍മ്മാണത്തിനുള്ള കൂലിപ്പണിയില്‍ കൂടി. ആയിരവും രണ്ടായിരവും കിലോ ഭാരം വരുന്ന കോണ്‍ക്രീറ്റ് സ്ലാബുകളും ഇരുമ്പുദണ്ഡുകളും പൊക്കിയെടുത്ത് ഫര്‍ലോംഗുകള്‍ അപ്പുറത്തുള്ള നിര്‍ദ്ദിഷ്ടസ്ഥാനത്തെത്തിച്ചു വരുമ്പോഴേക്കും എല്ലു നുറുങ്ങുകയല്ല പൊടിയുകതന്നെ ചെയ്തു. രണ്ടോ മൂന്നോ ആള്‍മാത്രം ചേര്‍ന്നുവേണം ഭാരിച്ച ദണ്ഡുകളും സ്ലാബുകളും എത്തിക്കാന്‍. വിയര്‍ത്തു തളര്‍ന്നാലും ഉച്ചക്കഞ്ഞി കുടിക്കാന്‍ പത്തു മിനിറ്റില്‍ കൂടുതല്‍ എടുത്താല്‍ സൂപ്പര്‍വൈസറുടെ മുഖം ചുവക്കും വായില്‍നിന്നു തെറിയഭിഷേകം തൂളും. കാലത്തു കഞ്ഞിയും ഉള്ളിച്ചമ്മന്തിയും കൊണ്ടുപോന്നാല്‍ കുടിലിലെത്തുന്നത് കരിപ്പിന് ആറുമണിക്ക്.
പലപ്പോഴും ചീരുത്തള്ളക്ക് രാത്രിപോക്കില്ല. തള്ള അമ്മുവിന്റെ അടുത്തു ചുരുണ്ടുകൂടി. രാത്രി നില്‍ക്കുന്നതിന് ഓവര്‍ടൈം അലവന്‍സ് നല്‍കണം. ഉറക്കം വരുന്നതുവരെ വലിച്ചു തള്ളാന്‍ ഒരു കെട്ട് ബീഡിയും. തള്ള ഉറങ്ങിക്കഴിഞ്ഞാല്‍ അയാള്‍ അമ്മുവിനെ എടുത്ത് തന്റെ പായയില്‍ കിടത്തി കരിമ്പടംകൊണ്ടു പൊതിഞ്ഞ് അവളെ ശീതത്തില്‍നിന്നും രക്ഷിച്ചു. റയില്‍വേ പണിയില്‍ ഒരുപാടു ക്ലേശങ്ങള്‍ സഹിക്കേണ്ടി വന്നുവെങ്കിലും മദ്ധ്യവയസ്‌കനായ സൂപ്പര്‍വൈസര്‍ വളരെ നല്ല സുഹൃത്തായി മാറിയതില്‍ കുഞ്ഞിറ്റിയാപ്പന് വളരെ സമാധാനംതാന്നി. ജോലി കഴിഞ്ഞു തിരിച്ചുപോരുമ്പോള്‍ സൂപ്പര്‍വൈസറും പലപ്പോഴും കുഞ്ഞിറ്റിയാപ്പന്റെ കൂടെപോന്ന് അമ്മുവിനെ കളിപ്പിച്ചു. ശമ്പളം കിട്ടുന്ന ദിവസം അയാള്‍ അവള്‍ക്കായി ചുവന്ന ജാഗരിയും ഗുഡ് ഡേ ബിസ്‌ക്കറ്റും കോപ്പികോയുടെ മിഠായിയും വാങ്ങിക്കൊടുത്ത് സന്തോഷിപ്പിച്ചു. അമ്മുവിനും മിഠായി മാമനെ നല്ല ഇഷ്ടമായി.
അമ്മുവിന്റെ മൂന്നാം വയസ്സോടെ പൊടുന്നനെ കുഞ്ഞിറ്റിയാപ്പന്റെ സ്വസ്ഥതയുടെ ആകാശമാകെ അസ്വസ്ഥതയുടെ കാര്‍മേഘം വിഴുങ്ങി. പൊള്ളലുകള്‍ തുടര്‍സംഭവമായി. പിന്നീടൊരിക്കലും പൊള്ളലിന്റെ നീറ്റമില്ലാതെ കുഞ്ഞിറ്റിയാപ്പന് ഒരു പകലും രാത്രിയുമുണ്ടായില്ല. മൂന്നാം പിറന്നാളിന് ഉങ്ങിന്‍തറയില്‍ ആര്‍ത്തിപൂണ്ടിരുന്ന മുത്തിയമ്മക്ക് അരിവറുത്ത പൊടിയും കള്ളും ഉണക്കയല ചുട്ടതും പൊലിച്ച് മോളെയുകൂട്ടി റയില്‍വേ ലൈനിലൂടെ വച്ചുപിടിക്കുമ്പോള്‍ എതിരെ നില്‍ക്കുന്നു നാട്ടുകൃഷിക്കു കോലം കുത്തിയതുപോലെ ശവുണ്ഠി ചിരുകണ്ഠന്‍. അമ്മുക്കുട്ടിയുടെ ഉടലാകെ മഞ്ഞക്കണ്ണുകൊണ്ടുഴിഞ്ഞ് ദുര്‍മ്മന്ത്രവാദിയെപ്പോലെ ഒറ്റ വാക്കേറ്.
”പെണ്ണാകെ കെടേശംപോലെ വീര്‍ത്തല്ലോടാ കുഞ്ഞിറ്റ്യേ.. മൂന്നേ ആയിള്ളോങ്കിലും ആറിന്റെ പോളിച്ച”
ചിരുകണ്ഠന്റെ ചോരക്കണ്ണ് പറിച്ചു കളയാനായി മന്ത്രവാദി കൊമരപ്പണിക്കരെകണ്ട് ഏലസ്സ് എഴുതികെട്ടിയെങ്കിലും കുഞ്ഞിറ്റിയാപ്പനേറ്റ പൊള്ളല്‍ പോളച്ചുതന്നെ കിടന്നു പൊക്കിള്‍കൊടിക്കുമീതെ. മന്ത്രവാദശേഷം പെട്ടിപ്പുറത്തിരുന്നു മയങ്ങുമ്പോള്‍ സഞ്ചരിച്ച ചൂണ്ടാണിവിരലില്‍ വയറ്റിലെ ടെന്നീസ് പന്താകെ തിളച്ച വെളിച്ചെണ്ണയില്‍ വീണതുപോലെ പൊള്ളി വീര്‍ത്തിരിക്കുന്നു. പിറന്നാള്‍ സമ്മാനമായി വര്‍ക്കു സൂപ്പര്‍വൈസര്‍ അണിയിച്ച കുഞ്ഞിപ്പാവാടയും പട്ടുജാക്കറ്റുമിട്ട് ചന്ദ്രക്കലപോലെ ഒളിമിന്നിയ കൊച്ചിനെ ചീരുത്തള്ള സന്ധ്യക്കെത്തിക്കാമെന്നേറ്റ് കൊണ്ടുപോയത്, രാത്രിയായിട്ടും കൊണ്ടുവരാതിരുന്നപ്പോള്‍ വിഭ്രമം പൂണ്ട് സൂപ്പര്‍വൈസറേയും കൂട്ടി തള്ളയുടെ കയ്യില്‍നിന്നും ഒരു കുപ്പി പട്ടക്കു കരസ്ഥമാക്കിയ തകരക്കച്ചവടക്കാരന്‍ കൊളന്തവേലുവിന്റെ തട്ടിപ്പുസംഘത്തില്‍നിന്നു കണ്ടെടുത്തതോടെ, അടിവയറില്‍ പൊള്ളല്‍ പരന്നു. പൊക്കിള്‍ക്കൊടിക്കു മീതെയുരസി നീങ്ങിയ ചൂണ്ടാണി വിരലും തിളച്ച വെളിച്ചെണ്ണയില്‍ മുങ്ങിയപോലെ പോളനിട്ടു. പൊള്ളല്‍ അതുവരെ കിട്ടിയതില്‍വച്ചേറ്റവും നീറ്റമുള്ളതായി.
പിറ്റേന്ന് പണി നേരത്തെ നിര്‍ത്തി. സൂപ്പര്‍വൈസറും കൂടെപ്പോന്നു, തലേന്നു പാതിവഴിയത്രയും ചുമന്നുകൊണ്ടുപോന്ന അമ്മുക്കുട്ടിയുടെ വിശേഷങ്ങളറിയാന്‍. സ്റ്റേഷനിലെ പെട്ടിക്കടയില്‍നിന്ന് ഒരു പാക്കറ്റ് മഞ്ചും വാങ്ങി പാന്റിന്റെ പോക്കറ്റിലിട്ടു സാറ്. മഞ്ചുകണ്ട് ആഹ്ലാദപ്പുഴയിലൊഴുകാന്‍ തുടങ്ങിയ കുട്ടിയേയുംകൊണ്ട് സൂപ്പര്‍വൈസര്‍ ‘എന്നാല് കുഞ്ഞിറ്റിയാപ്പന്‍ ഒരു ചായയിട്’ എന്നു പറഞ്ഞ് കളിപ്പിക്കാന്‍ തുടങ്ങി. ചായയുണ്ടാക്കി കുഞ്ഞിറ്റിയാപ്പന്‍ ചെല്ലുമ്പോള്‍ വാല്‍സല്ല്യാതിരേകത്താല്‍ വിവശനായ സൂപ്പര്‍വൈസര്‍ അമ്മുക്കുട്ടിയെ മടിയില്‍ കമിഴ്ത്തി കിടത്തി പുറത്തും കഴുത്തിനു പിറകിലും കവിളുകളിലും ആര്‍ദ്രമായി തലോടുകയാണ്. മഞ്ച് ഈമ്പയിറക്കുന്നതിന്നിടയില്‍ ഉയരുന്ന കുഞ്ഞു ശിരസ്സ് സൂപ്പര്‍വൈസര്‍ അമര്‍ത്തി അതിരില്ലാത്ത ആനന്ദം അനുഭവിച്ചു. ചായഗ്ലാസ് മുറിയുടെ തട്ടികവാതില്‍ കടന്നതും സൂപ്പര്‍വൈസര്‍ മൂര്‍ഖനെ കണ്ടതുപോലെ ഞെട്ടിയെണീറ്റു. അരയില്‍നിന്നും ഇറങ്ങിക്കിടന്ന പാന്റ് വലിച്ചുകേറ്റി സിബ്ബിട്ടു. ‘ചെറ്റേ’യെന്ന അലര്‍ച്ച പുറത്തുചാടിയതും ചായപ്പാത്രം സൂപ്പര്‍വൈസറുടെ മുഖത്ത് ചിതറിത്തെറിച്ചതും അയാള്‍ മരണവെപ്രാളംപൂണ്ട് വാതില്‍പുറത്തേക്കു ചാടിയതും ഒന്നിച്ചായി. കുഞ്ഞിറ്റിയാപ്പന്‍ കുട്ടിയെയും എടുത്ത് വായില്‍ കയ്യിട്ട് കൊഴുത്ത ദ്രാവകം ഒന്നാകെ തറയില്‍ വീഴ്ത്തി വെള്ളത്തില്‍ കുലുക്കുഴിപ്പിച്ചു. കുഞ്ഞിറ്റിയാപ്പന്റെ അടിവയറ്റില്‍ അവള്‍ തിളച്ച എണ്ണയില്‍ കിടന്നു നീന്തി. പൊള്ളല്‍ അടിവയറ്റില്‍നിന്നും നെഞ്ചിലേക്കും ചങ്കിലേക്കും വ്യാപിച്ചു. ചൂണ്ടാണിവിരല്‍ പൊക്കിള്‍പുറത്ത് ഉരസി നീങ്ങിയപ്പോള്‍ ഞെട്ടിപ്പിക്കുന്ന മറ്റൊന്നുകൂടി കുഞ്ഞിറ്റിയാപ്പനറിഞ്ഞു. ടെന്നീസ് പന്തു വളര്‍ന്ന് ചെറിയ ചട്ടകവലിപ്പത്തിലേക്ക് പരന്നിരിക്കുന്നു. ചട്ടകവൃത്തത്തിനു നടുവിലായി കുന്നിക്കുരുവിന്റെ വലിപ്പത്തില്‍ ഒരു കുഞ്ഞിക്കണ്ണു രൂപം കൊണ്ടിരിക്കുന്നു. കണ്ണിന് കണ്ണാടിയുടെ സ്ഫടികത്തിളക്കം. തിളങ്ങുന്ന ചട്ടകക്കണ്ണില്‍ അമ്മുക്കുട്ടി തെളിഞ്ഞുനില്‍ക്കുന്നു. എവിടേക്കുപോയാലും, എന്തദ്ധ്വാനത്തിലേര്‍പ്പെടുമ്പോഴും, ഊണിലും ഉറക്കത്തിലും ; അവള്‍ എവിടെയായിരുന്നാലും എന്തെടുക്കുകയായിരുന്നാലും
. ദിവസം ചെല്ലുംതോറും ചട്ടകം വയറ്റില്‍ പരന്നു വികസിക്കുന്നതോടൊപ്പം കണ്ണാടിക്കണ്ണും വളര്‍ന്നു വലുതായി. അമ്മുക്കുട്ടിയുടെ വലിപ്പത്തിനനുസരിച്ച് കണ്ണാടിയിലും നേര്‍ക്കാഴ്ച നിറഞ്ഞു. ഒപ്പം പൊള്ളലിന്റെ വ്യാപ്തിയും വര്‍ദ്ധിച്ചു. കണ്ണാടി നുണക്കാഴ്ചയുണ്ടാക്കില്ലെന്ന് അനുഭവവെളിച്ചം കുഞ്ഞിറ്റിയാപ്പന് സാക്ഷ്യമായി. കനത്ത മരങ്ങള്‍ പൊക്കി ബന്‍സോമില്ലിലേക്ക് തള്ളിക്കൊടുക്കുന്ന പണിക്കിടയില്‍ കണ്ണാടിയില്‍ തെളിഞ്ഞ കാഴ്ച കണ്ട് കുഞ്ഞിറ്റിയാപ്പനോടി അമ്മുക്കുട്ടിയുടെ നഴ്‌സറിയിലേക്ക്. റയില്‍വേക്രോസും കഴിഞ്ഞ് കുഞ്ഞിറ്റിയാപ്പനെന്ന തീഗോളം ഉരുണ്ടുരുണ്ട് മേപ്പള്ളിക്കാരന്റെ വാഴത്തോട്ടത്തിലെത്തിയപ്പോള്‍ കണ്ണാടിയില്‍ കണ്ട കാഴ്ചതന്നെ. ഇരുപത്തിയഞ്ചും മുപ്പതും വരുന്ന രണ്ടു മീശക്കൊമ്പന്മാര്‍ക്കിടയില്‍ അമ്മുക്കുട്ടി കണ്ണില്‍ തിരുമ്മിനിന്ന് വീര്‍പ്പടക്കുന്നു. ഓടിച്ചെന്ന് അവളെ വാരിയെടുത്ത് തോളിലിട്ടു തിരിഞ്ഞു നോക്കുമ്പോള്‍ വാഴത്തോട്ടത്തില്‍ വരിവെള്ളം പോലെ മീശക്കാര്‍ അകലേക്ക് ഒലിച്ചിറങ്ങി കഴിഞ്ഞു. മോളെ തലയില്‍ തലോടി ആശ്വാസവാക്കുകള്‍ പറഞ്ഞു നടന്നുപോരുമ്പോള്‍ അമ്മുക്കുട്ടി ഗദ്ഗദമിറക്കി .. ”അവര് പറ്യാ ഉടുപ്പഴിച്ചാല് കോല് മുട്ടായി തരാംന്ന് …” പൊക്കിള്‍പുറത്തു സഞ്ചരിച്ച നീറ്റല്‍ വയറാകെ ഇഴഞ്ഞു നീങ്ങിയിട്ടും ചട്ടകവൃത്തം അവസാനിക്കാതെ വന്നു. നീറ്റവും.
തടിപിടിക്കാനുള്ള പണിക്കെത്താന്‍ വെളുപ്പാന്‍ കാലത്തുണര്‍ന്ന് തലേന്നത്തെ കഞ്ഞി ചൂടാക്കി ചമ്മന്തിയില്‍ കലക്കി തൂക്കുപാത്രത്തിലാക്കുമ്പോഴാണ് കണ്ണാടിയില്‍ കാഴ്ച തറഞ്ഞത്. തെളിഞ്ഞ സില്‍വര്‍ നിറത്തിനു മീതെ ഇറ്റു വീഴുന്ന ചോരത്തുള്ളികള്‍ വരച്ച ചുവന്ന ചാലുകള്‍. അകത്തേക്കോടി ചെല്ലുമ്പോള്‍ പുരതാങ്ങി നിര്‍ത്തുന്ന മുളംതൂണില്‍ കെട്ടിപ്പിടിച്ച് വിമ്മിട്ടപ്പെടുന്നു അമ്മുക്കുട്ടി. വിവരമറിഞ്ഞു വേച്ചു വന്ന ചീരുത്തള്ള കുടംവെള്ളം തലയിലൂടെ ഒഴിച്ച് മേലാസകലം മഞ്ഞള്‍പൊടി തേച്ച് ചകിരിച്ചോറില്‍ സോപ്പു പതച്ച് തേച്ചുമിനുക്കിയെടുത്തു അമ്മുക്കുട്ടിയെ. പുല്ലിന്നടിയില്‍ കിടന്ന വെള്ളരിക്ക പുറത്തെടുത്തതുപോലെ പുതുശോഭയില്‍ തിളങ്ങിനിന്നു അമ്മുക്കുട്ടി. പുതിയ തഴപ്പായ വിരിച്ച് പുതിയ തുണിയില്‍ തറ്റുടുപ്പിച്ച് ചുമര്‍ ചാരിയിരുത്തിയ അമ്മുക്കുട്ടിയുടെ കയ്യിലേക്ക് അരയില്‍നിന്നും വലിച്ചൂരിയ ലോഹപ്പരപ്പ് വച്ചുകൊടുത്ത് ചെവിയില്‍ പറഞ്ഞു ചീരുത്തള്ള ”ഇനി നാലൂസം വിടാതെ പായക്കടിയില്‍ വച്ചോ മോളെ..ഒര്ത്തനും നിന്നെ തീണ്ടാന്‍ വരൂല്ല.. ഒരുത്തനെന്നാല്‍ ഒരു പിശാചും.” എന്താത് എന്നു ചോദിച്ച കുഞ്ഞിറ്റിയാപ്പനോട് ”പെണ്ണങ്ങള് തെരണ്ടാ കര്തണ സാധനം തന്നെ’ എന്നുത്തരം. പോരാത്തതിന് ‘കണ്ണും വാക്കും പറ്റാണ്ട് നോക്കീക്കോളും’.
സംശയം തീരാതെ മിഴിച്ചുനിന്ന കുഞ്ഞിറ്റിയാപ്പനോട് : വാല്‍ക്കണ്ണാടി. പെണ്ണങ്ങള് വയസ്സറീച്ചാല് അടുത്തു വെക്കണ്ട രക്ഷ എന്നുത്തരം. തള്ള അടുത്ത സ്‌നാനത്തിനായി മഞ്ഞള്‍ക്കൂട്ടുണ്ടാക്കാന്‍ പുരവെളയിലെത്തിയപ്പോള്‍ കൗതുകം തീരാത്ത കുഞ്ഞിറ്റിയാപ്പന്‍ പായക്കടിയില്‍നിന്നും അവളെ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. മിനുസമേറിയ ലോഹച്ചട്ടകത്തിന്റെ വൃത്തത്തിനുമേല്‍ ബിംബംപോലെ അലുക്കുപണികള്‍ ചെയ്ത കൂര്‍പ്പ്. മോളിലോട്ടു ചെല്ലുംതോറും അമ്പലക്കാവടിപോലെ അരികുകള്‍ വീതികുറഞ്ഞ് മുകളിലെത്തുമ്പോള്‍ കൂര്‍ത്ത ഗോപുരം. കുഞ്ഞിറ്റിയാപ്പന്റെ വിരലുകള്‍ പൊക്കിള്‍കൊടിക്കു മേല്‍ തിരച്ചിലാരംഭിച്ചു. യാതൊരു വിത്യാസവുമില്ലാതെ കയ്യിലിരിക്കുന്ന അതേ രൂപത്തില്‍ മിനുസമുള്ള വാല്‍ക്കണ്ണാടിതന്നെ വയറ്റിനുള്ളില്‍. ചട്ടകത്തിന്റെ വൃത്തം കഴിഞ്ഞുള്ള ഗോപുരം നീണ്ട് ചങ്കില്‍ കുത്തിനില്‍ക്കുന്നു. ലോഹവൃത്തത്തില്‍ മുഖം തെളിഞ്ഞു കാണുന്നതുപോലെ അകത്തെ കണ്ണാടിയിലും തിളക്കമാര്‍ന്ന പ്രതിബിംബം നിറഞ്ഞു നില്‍ക്കുന്നു. അകത്തെ വാല്‍ക്കണ്ണാടിക്ക് പൂര്‍ണ്ണവളര്‍ച്ചെയെത്തിയിരിക്കുന്നു.
നാലുനാളുകളിലെ മഞ്ഞള്‍കുളിക്കുശേഷം പുതിയ പാവാടയും ബ്ലൗസുമിടീച്ച് വാല്‍ക്കണ്ണാടിയുമായി ചീരുത്തള്ള പോയിക്കഴിഞ്ഞതോടെ അകത്തെ വാല്‍ക്കണ്ണാടി കത്തുന്ന ഉലയിലിട്ട് ഊതിക്കാച്ചിയതുപോലെ ചുട്ടുപഴുത്തു.
ചെറ്റക്കു മുമ്പില്‍ ബ്രേക്കിടുന്ന ശബ്ദംകേട്ട് പേടിച്ചരണ്ട മുയല്‍ക്കുഞ്ഞ് കെട്ടിപ്പിടിച്ച് അരയിലൊളിക്കാന്‍ വെപ്രാളപ്പെടുമ്പോള്‍ വെന്ത ചങ്കില്‍നിന്നും കുഞ്ഞിറ്റിയാപ്പന്റെ ഭയാന്വേഷണം പൊങ്ങി : ”ആരാദ് ?”
പുറത്തുനിന്നും പിറുപിറുപ്പ്. ”കെളവന്‍ ഒറങ്ങീട്ടില്ല്യാ.. കണ്ണടക്കട്ടെ..”
സ്റ്റാര്‍ട്ട് ചെയ്ത ബൈക്ക് ഇരുളിന്റെ ഗുഹയില്‍ ചെറു ശ്ബദമായി നേര്‍ത്തു. കുഞ്ഞിറ്റിയാപ്പന്‍ കുടിലിന്റെ വാതില്‍തുറന്ന് തീപ്പെട്ടിക്കൊള്ളിയുരസി ചുറ്റും കണ്ണോടിച്ചു. അകലെ റെയില്‍വേ സ്റ്റേഷനിലേക്കു ചരുക്കുമുതലാളി ശെല്‍വത്തിന്റെ കാറ് ചീറിപായുന്നതു കേട്ടു. എവിടെനിന്നൊക്കെയോ രാത്രിയില്‍ മുരടുന്ന ബൈക്കുകളുടെ ഗുഡുഗുഡു ശബ്ദവും. ചാറ്റല്‍ മഴയില്‍ വിറങ്ങലിച്ച ചെറ്റവാതിലില്‍ കൊട്ടുകളും പരുങ്ങലുകളും. വിറച്ച മുയല്‍ക്കുഞ്ഞ് ഉറങ്ങാതെ കിടന്ന അച്ഛന്റെ ചെവിയില്‍ ശബ്ദം താഴ്ത്തി മന്ത്രിച്ചു : ”വാല്‍ക്കണ്ണാടി കിട്ട്യാല് നന്നായിരുന്നു”
”എന്തിനാ മോളേ വാല്‍ക്കണ്ണാടി ?”
”പായക്കടിയില്‍ വെക്കാനാ .. പേടീണ്ടാവില്ല്യാ”
പേടിച്ചരണ്ട അണ്ണാന്‍കുഞ്ഞിനെ നെഞ്ചിന്‍ചൂടില്‍ പൊതിഞ്ഞു അച്ഛന്‍ പറഞ്ഞു :
”മേളെന്തിനാ പേടിക്കണേ..അച്ഛന്‍ അടുത്തുണ്ടല്ലോ..”
ഹ്രസ്വനേരത്തെ നിശ്ശബ്ദതക്കുശേഷം അണ്ണാന്‍കുഞ്ഞ് : ”ആരാ അച്ഛാ ശേല്‍വമൊതലാളി ?”
”ഏതോ ചരക്കുമൊതലാളി മോളേ. തീവണ്ടീല് ചരക്കുകള്‍ കയറ്റി അന്യസംസ്ഥാനങ്ങളിലേക്ക് എത്തിക്കലാ അയാള്‍ക്ക്”
അല്‍പ്പനേരത്തെ മൗനം
”മോളെന്താ അയാളെപ്പറ്റി ചോദിക്കാന്‍ ?”
തെല്ലിട കഴിഞ്ഞ് അവളുടെ പ്രതികരണം
അയാള് അമ്മുകുട്ട്യേ കേറ്റികൊണ്ടുവുംത്രെ… എന്തുവന്നാലും
വയറ്റില്‍ അവള്‍ കിടന്ന് ഉരുകി. ഉലത്തീയാകെ വയറ്റിലാളി ചങ്കുവേവിച്ചു. അവളുടെ ഗോപുരാഗ്രം അണ്ണാക്കു കുത്തിപ്പൊളിച്ചു.
”മോളോടാരു പറഞ്ഞു ഇതൊക്കെ ?”
”സ്‌കൂളീന്നു വരുമ്പൊ ബൈക്കില്‍ വന്ന ഒരു താടിക്കാരന്‍”
അവളെ വയറ്റിന്നുള്ളിലാക്കി ആമാശയത്തിന്നകത്തിട്ടുപൂട്ടി ഭൗതിക ആക്രമണങ്ങളില്‍നിന്നു മോചിപ്പിക്കാന്‍ അച്ഛന് ഉടലാകെ വെമ്പി. അകിടില്‍ ചേര്‍ത്തു കിടത്തി ഉടുമുണ്ടഴിച്ച് ശിരസ്സറ്റം മൂടി അച്ഛന്‍ ചെവിയില്‍ ധൈര്യപ്പെടുത്തി
”മോളെ ആരും തൊടില്ല.. വാല്‍ക്കണ്ണാടി മോളടെ അടുത്തുണ്ടെന്നു കരുതി കെടന്നോളാ…”
കുഞ്ഞിറ്റിയാപ്പന്‍ മോളെ പൊക്കിളിനോടു ചേര്‍ത്തു കിടത്തി ശിരസ്സിലൂടെ വിരലുകള്‍ ഓടിച്ച് ധൈര്യമന്ത്രം ഉരുവിട്ടു.
അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ പാര്‍ത്ഥന്‍ … പത്തു നാമങ്ങളും ഭക്ത്യാധരിക്കലോ നിത്യം ഭയങ്ങളകന്നുപോം നിശ്ചയം
പകല്‍ അവള്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ അച്ഛന്‍ വയറ്റിലെ കണ്ണാടിയിലേക്കു കണ്ണും നട്ടിരിക്കും. പുറത്തുപോയി പണിയെടുക്കാനോ അകലം വഴിക്ക് പണിയന്വേഷിച്ചുപോവാനോ അയാള്‍ക്കു ധൈര്യം വന്നില്ല. ഏതു സമയത്താണ് കണ്ണാടിയില്‍ അവള്‍ അവശയായി പ്രത്യക്ഷപ്പെടുന്നതെന്നറിയില്ല ; ഏതു സമയത്താണവളുടെ നിലവിളി ഉയരുന്നതെന്നറിയില്ല. പലപ്പോഴും തലയില്‍ ചുമക്കുന്ന കരിങ്കല്ലും മരത്തടിയും നിലത്തിട്ട് ഓടിച്ചെല്ലുമ്പോള്‍ ഒരു നിമിഷം വൈകിയെത്തിയിരുന്നെങ്കില്‍ എല്ലും തോലും പെറുക്കിക്കൂട്ടേണ്ടിവരുമായിരുന്നെന്ന് ബോധ്യപ്പെട്ടു. പൊറുതിമുട്ടിയപ്പോള്‍ കുഞ്ഞിറ്റിയാപ്പന്‍ സ്റ്റേഷന്‍മാസ്റ്ററോട് സങ്കടം പറഞ്ഞു. ദയാനുകമ്പ നഷ്ടപ്പെട്ടിട്ടില്ലാത്ത സ്റ്റേഷന്‍മാസ്റ്റര്‍ ഉപദേശിച്ചു : ”കുഞ്ഞിറ്റിയാപ്പന്‍ സ്റ്റേഷനില്‍ കംപ്ലേന്റ് ചെയ്യ്”
പോലീസെന്നും സ്റ്റേഷനെന്നും കംപ്ലേന്റെന്നും കേള്‍ക്കുന്നതുതന്നെ കുഞ്ഞിറ്റിയാപ്പന് പേടിയാണ്. ജീവിതത്തില്‍ ഇന്നുവരെ സ്റ്റേഷന്‍ കയറിയിട്ടില്ല. സ്റ്റേഷന്‍ കയറിയിട്ടുള്ള നിരപരാധികളായ സുഹൃത്തുക്കളുടെ അനുഭവങ്ങള്‍തന്നെ ധാരാളം . തുടര്‍ച്ചയായുണ്ടായ സ്റ്റേഷന്‍ മാസ്റ്ററുടെ ഉപദേശം മാനിച്ച് കുഞ്ഞിറ്റിയാപ്പന്‍ അവസാനം സബ്ബ് ഇന്‍സ്‌പെക്ടറെ കണ്ടു കംപ്ലേന്റ് പറയാന്‍തന്നെ തീരുമാനിച്ചു.
സബ്ബ് ഇന്‍സ്‌പെക്ടര്‍ വളരെ ക്ഷമയോടെ കുഞ്ഞിറ്റിയാപ്പനെ കേട്ടു. ഇരിക്കാന്‍ കസേര കൊടുത്തു. നാക്കു വരളാതിരിക്കാന്‍ നാരങ്ങാവെള്ളം കൊടുത്തു. മുഴുവനും ശ്രദ്ധയോടെ കേട്ട ശേഷം അതീവ സൗമ്യമായി ചോദിച്ചു :
”താങ്കള്‍ക്ക് വീട്ടില്‍ ആരൊക്കെയുണ്ട് ?”
”അമ്മുക്കുട്ടി മാത്രമേയുള്ളു സാര്‍”
”ബന്ധുക്കള്‍ ?”
”ആരുമില്ല”
”അകന്ന ബന്ധുക്കളും ?”
”ഇല്ല സര്‍”
”നാട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ ?”
”അങ്ങനെയാരുമില്ല”
മകളെ ശല്ല്യം ചെയ്യുന്നവരെ കൊന്നു കളയാന്‍വരെ തോന്നുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ഇന്‍സ്‌പെക്ടര്‍ കാര്യത്തിന്റെ ഗൗരവവും നിസ്സഹായതയും ബോധ്യപ്പെട്ടിട്ടെന്നവണ്ണം ഓര്‍മിപ്പിച്ചു : ‘ഒരിക്കലും അബദ്ധങ്ങള്‍ ചെയ്യരുത്. പൗരന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ല. പോലീസ് വേണ്ടതു ചെയ്യും. താങ്കള്‍ വിഷമിക്കാതിരിക്കു.’
മകളെ ശല്ല്യം ചെയ്യുന്നവര്‍ ആരാണെന്നും ആരെയെങ്കിലും സംശയമുണ്ടോയെന്നുമുള്ള ചോദ്യത്തിന് അമ്മുക്കുട്ടി പറഞ്ഞ കാര്യം കുഞ്ഞിറ്റിയാപ്പന്‍ അറിയിച്ചു. തെളിവുകളൊന്നുമില്ലാതെ ആരേയും ചോദ്യം ചെയ്യുവാനോ കസ്റ്റഡിയിലെടുത്ത് ശിക്ഷിക്കാനോ നിയമം അനുവദിക്കുന്നില്ലെന്നു പറഞ്ഞതോടൊപ്പം ‘എന്തായാലും ഞങ്ങള്‍ അന്വേഷിക്കാം. അതുവരെ താങ്കള്‍ സമാധാനമായി ഇരിക്കൂ’ എന്നു പറഞ്ഞു എസ്.ഐ. പോരാന്‍ നേരം മകള്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നതെന്നാണു പറഞ്ഞത് എന്ന ചോദ്യത്തിന് ഏഴാം ക്ലാസ്സില്‍ സാര്‍ എന്ന് കുഞ്ഞിറ്റിയാപ്പന്റെ ഉത്തരം. ‘ശരി ഞാന്‍ കാര്യങ്ങള്‍ അന്വേഷിക്കാം മകളെയും കാണാം’
എസ്.ഐ. ഭംഗിവാക്കുകള്‍ പറഞ്ഞതായിരിക്കുമെന്നു കരുതിയ കുഞ്ഞിറ്റിയാപ്പനു തെറ്റി. പിറ്റേന്നു അമ്മുക്കുട്ടി സ്‌കൂളില്‍ പോകുവാന്‍ യാത്രയായി നില്‍ക്കുമ്പോള്‍ പുറത്ത് പോലീസ് ജീപ്പിന്റെ ശബ്ദം . എസ്.ഐയും ഒരു ചെറുസംഘവും സ്റ്റേഷന്‍ പരിസരവും വെളിമ്പറമ്പിലെ കള്ളുഷാപ്പിനുചുറ്റും റെയില്‍വേലൈനിന്റെ ഇരുവശങ്ങളിലും കവാത്തു നടത്തി പോകുന്ന പോക്കില്‍ വന്നതാണ്. സ്‌കൂളിലേക്കു യാത്രയായി നില്‍ക്കുന്ന അമ്മുക്കുട്ടിയുടെ തലയില്‍ വാത്സല്ല്യപൂര്‍വ്വം തട്ടിക്കൊണ്ട് മകള്‍ മിടുക്കിയാണല്ലോയെന്ന് കുഞ്ഞിറ്റിയാപ്പനോടും മോള്‍ ഒന്നുകൊണ്ടും ഭയപ്പെടേണ്ട ആരും കുട്ടിയെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് അമ്മുക്കുട്ടിയോടും എസ്.ഐ.ഉറപ്പിച്ചു പറഞ്ഞു.
പൊക്കിള്‍കൊടിക്കു മുകളില്‍ ചെറിയ തണുപ്പിന്റെ സുഖം അനുഭവപ്പെട്ടതുകൊണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല കുഞ്ഞിറ്റിയാപ്പന്‍. കനത്ത മഴ റയില്‍ലൈനിലെ ചാവോക്കുമരങ്ങളില്‍ അടിച്ചുവീഴുന്ന ശ്ബദമോ കാറ്റിന്റെ ആരവത്തില്‍ അവ ആടിയുലയുന്ന ചൂളംവിളിയോ ഉറക്കത്തിനു തടസ്സമുണ്ടാക്കിയില്ല. മഴ എപ്പോഴാണു നിലച്ചതെന്നും ഓര്‍മ്മയില്ല. ഞെട്ടിയുണര്‍ന്നത് വയറും ചങ്കും തിളച്ച എണ്ണയുരുളിയില്‍ വീണതുപോലെ പൊള്ളി വീര്‍ത്തപ്പോഴാണ്. പൊള്ളല്‍ വയറ്റിലും ചങ്കിലും ഒതുങ്ങാതെ കരകവിഞ്ഞ പുഴപോലെ ശരീരമാസകലം പരന്നിരിക്കുന്നു. മലര്‍ന്നോ കമിഴ്‌ന്നോ കിടക്കാന്‍ വയ്യ. പൊള്ളല്‍പോളങ്ങള്‍ ഉരിഞ്ഞ് തൊലിക്കപ്പുറമുള്ള മാംസം വെന്തു അടരുന്നു. സ്ഫടികജലംപോലെ തെളിഞ്ഞ കണ്ണാടിയില്‍ അമ്മുക്കുട്ടി വളഞ്ഞിട്ട ഒരുകൂട്ടം താടിക്കാര്‍ക്കു നടുവില്‍ കിടന്നു നിലയില്ലാതെ കരഞ്ഞു വിളിക്കുന്നു. ആര്‍ത്തി പൂണ്ട കശ്മലര്‍ ഒന്നിനുപിറകെ ഒന്നായി തിരിച്ചും മറിച്ചുമിട്ട് ഇളക്കി രസിക്കുന്നു. മോളേയെന്നുറക്കെ വിളിച്ചുകൊണ്ട് കിടക്കപ്പായില്‍നിന്നും ചാടാനൊരുങ്ങിയ കുഞ്ഞിറ്റിയാപ്പനു മനസ്സിലായി തന്നെ മുളംതിണ്ടികയില്‍ വരിഞ്ഞു മുറുക്കി കെട്ടിയിട്ടിരിക്കുകയാണ്. കണ്ണുകള്‍പോലും മിഴിക്കാന്‍ പറ്റാത്തവണ്ണം ഞരമ്പില്‍ ഉറക്കമരുന്ന് കുത്തിയിറക്കിയിരിക്കുകയാണ്. കരച്ചില്‍ വായിലും തൊണ്ടയിലുമായി വെടികുംഭത്തില്‍ വെള്ളം കയറിയതുപോലെ ഉറഞ്ഞു പോവുന്നു. അയാള്‍ ചലിക്കാനാവാതെ, കരയാനാവാതെ, ശബ്ദമില്ലാത്ത തേങ്ങലായി തൂണില്‍ ചത്ത ഗൗളിയെപോലെ പറ്റിയിരുന്നു.
വെളുപ്പാന്‍ കാലമായപ്പോള്‍ അച്ഛായെന്ന ഉറക്കാത്ത വിളികേട്ട് കണ്ണുകള്‍ തിരിവണ്ണത്തില്‍ മിഴിച്ച കുഞ്ഞിറ്റിയാപ്പന് ഭൂമിയും ആകാശവു കാറ്റില്‍ കുടുങ്ങിയ പാലപ്പൂപോലെ തിരിഞ്ഞു. മുറിഞ്ഞുവീണ ഗൗളിവാല്‍പോലെ മുന്നില്‍ കിടന്നു പിടക്കുന്നു അമ്മുക്കുട്ടി. അവളുടെ പാവാടയും ജംബറും ചോരയില്‍ നനഞ്ഞൊട്ടി കിടക്കുന്നു. സര്‍വ്വശക്തിയുമെടുത്ത് ശരീരം കുടഞ്ഞ് അയാള്‍ കെട്ടുകളില്‍നിന്നും രക്ഷപ്പെട്ട മോളെ വാരിയെടുക്കാന്‍ തുടങ്ങുമ്പോള്‍ അവളുടെ കുഴഞ്ഞ നാക്കിന്‍തുമ്പില്‍നിന്ന് : ” എല്ലാവരും ചേര്‍ന്ന് എന്നെ കൊത്തിക്കൊന്നു.. അച്ഛാ..” ദാഹാര്‍ത്തമായ അവളുടെ നാവ് വരണ്ടുണങ്ങി. ചുണ്ടുകള്‍ ചലനമറ്റു. ശ്വാസം നിലച്ചു.
വെളുത്തതും കുഞ്ഞിറ്റിയാപ്പന്‍ അറിയിക്കാതെതന്നെ പുറത്ത് പോലീസ് ജീപ്പിന്റെ ഇരമ്പംകേട്ടു. റെയില്‍വേ ലൈനില്‍ നിറഞ്ഞ കാണികള്‍ ചെറ്റക്കുള്ളിലേക്കു തലനീട്ടി പിറുപിറുത്തു.
മകളുടെ ശവശരീരത്തില്‍നിന്നും ഉയര്‍ത്തിമാറ്റി കരഞ്ഞുകലങ്ങിയ വൃദ്ധനെ നോക്കി ഇന്‍സ്‌പെക്ടര്‍ സഹതാപം കൊണ്ട്. ജോലിയുടെ ഭാഗമായ എഫ്.ഐ.ആര്‍ ചുമതലയില്‍ വ്യാപൃതനായി. പരിസരവും കുടിലിനകത്തും ഡഡ്‌ബോഡിയും മണത്തു നടന്ന പോലീസ്‌നായ കുഞ്ഞിറ്റിയാപ്പനെ നോക്കി ഏറെനേരം കുരച്ചു. ചെറ്റക്കുടില്‍ പൊതിഞ്ഞുനിന്ന ആള്‍ക്കൂട്ടം ഊഹിച്ച ഉത്തരം കിട്ടിയ സന്തോഷത്തില്‍ ആശ്വസിച്ചു. എസ്.ഐ. തനിക്കുനേരെ പിളര്‍ന്ന കണ്ണുകളുമായി നില്‍ക്കുന്ന വൃദ്ധന്റെ തോളില്‍ തട്ടി സാന്ത്വനിപ്പിച്ചു. : ”വിഷമിക്കാതെ. ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പറയൂ. എന്നാലേ ശരിയായ ഘാതകനെ കണ്ടെത്താനാവൂ.
”താങ്കളുടെ വീട് ?”
”കിഴക്കെ മലയില്‍”
”ഇവിടെ വന്നിട്ട് ?”
”ഇരുപതുവര്‍ഷം മുമ്പ്”
”വീട്ടില്‍ ആരെല്ലാമുണ്ട് ?”
”ആരുമില്ല”
”ബന്ധുക്കള്‍ അടുത്ത ?”
”ആരുമില്ല”
”അകന്ന ബന്ധുക്കള്‍ ?”
”ആരുമില്ല”
”സഹായത്തിനു നാട്ടുകാര്‍ ?”
”ആരുമില്ല”
”മകളും നിങ്ങളും തനിച്ചാണോ താമസിക്കുന്നത് ?”
”അതെ”
”ഇന്നലെ രാത്രിയും ?”
”അതെ”
”എന്താണുണ്ടായത് ?”
”കെട്ടിപ്പിടിച്ചു കിടന്നതാണ്. ഉറക്കത്തില്‍ മകളെ കണ്ടില്ല. ആരോ എന്നെ കെട്ടിയിട്ട് ബോധം കെടുത്തി”
”മകളെ കണ്ടത് ?”
”വെളുപ്പിന്”
”താങ്കളെ ആരഴിച്ചുവിട്ടു ?”
”തന്നത്താന്‍”
താങ്ക് യൂ എന്നു പറഞ്ഞ് എസ്.ഐ. നിര്‍ത്തിയപ്പോള്‍ ഹെഡ് കോണ്‍സ്റ്റബിള്‍ മറ്റൊരു പോലീസുകാരനും ചേര്‍ന്ന് കുടിലിന്നുള്ളും ശവം കിടന്ന സ്ഥലവും മറ്റും ടേപ്പുവച്ച് അളന്നു രേഖപ്പെടുത്തി. മഹസ്സെറുഴുത്തുകഴിഞ്ഞ് എഴുതിയുണ്ടാക്കിയ കടലാസ്സില്‍ വൃദ്ധനെകൊണ്ട് ഒപ്പുവെപ്പിച്ചു. എസ്.ഐ. കോണ്‍സ്റ്റബിളില്‍നിന്നും വാങ്ങിയ വിലങ്ങ് വൃദ്ധനെ അണിയിച്ചു. ‘വരൂ പോകാം’ വൃദ്ധനെ മുന്നില്‍ നടത്തി ജനക്കൂട്ടത്തിന്നിടയിലൂടെ അല്‍പ്പദൂരം നടന്ന് ജീപ്പില്‍ കയറ്റി. ജീപ്പ് പൊടിപറത്തിക്കൊണ്ട് വെളിമ്പറമ്പുകളിലൂടെ അതിവേഗം പാഞ്ഞു.
സ്റ്റേഷനിലിറങ്ങിയ വൃദ്ധനോട് അനുശോചന സ്വരത്തില്‍ എസ്.ഐ.അറിയിച്ചു : ”ക്ഷമിക്കണം. പോലീസിന് നിയമം നടപ്പാക്കാതെ വയ്യ. താങ്കള്‍ കുറ്റവാളിയല്ലെങ്കില്‍ കോടതിയില്‍പോയി നിരപരാധിത്വം തെളിയിക്കാം. പോലീസിന് സന്തോഷമേയുണ്ടാവൂ”
തളര്‍ന്നു വീഴാതിരിക്കാന്‍ അടഞ്ഞ ലോക്കപ്പിന്റെ കമ്പികളില്‍ ഇരുകൈപ്പത്തികളും മടക്കിപ്പിടിച്ച് ശൂന്യതയില്‍ തറഞ്ഞ വൃദ്ധന്റെ ചൂണ്ടാണിവിരല്‍ പൊക്കിളിനുമീതെ കുനിയനുറുമ്പായി അരിച്ചു നടന്നു. ഇപ്പോള്‍ ചങ്കറ്റം കുത്തിനിന്ന വാല്‍ക്കണ്ണാടി ചെറുതായി ചെറുതായി ഒരു കടുകുമണിപോലെ ലോഹപ്പൊട്ടുപോലെ കണ്ണില്‍ പെടാത്ത കരടായി ചെറുതായിരിക്കുന്നു. കണ്ണാടിയാവട്ടെ മങ്ങിമങ്ങി കുന്നിക്കുരു വലിപ്പത്തിലേക്കു ചെറുതായി തിളക്കമില്ലാത്ത പൊടിത്തൂളായി ലോഹപ്പൊട്ടില്‍ അസ്തമിച്ചു കിടക്കുന്നു. അടുത്ത ക്ഷണം അടിവയറ്റില്‍ നിന്നും ആരംഭിച്ച ഓക്കാനം വയറും നെഞ്ചും തൊണ്ടയും കടന്ന് ശ്വാസനാളത്തിലൂടെ തുറന്ന വായിലൂടെ കോരിചൊരിയുന്ന ഛര്‍ദ്ദിയായി പുറത്തേക്കു ചാടി. കൊഴുത്ത പഴങ്കഞ്ഞിയില്‍ മുങ്ങിക്കുളിച്ച ലോഹപ്പൊട്ട് ലോക്കപ്പ് തറയില്‍ വീണ വൃദ്ധന്റെ മേലാസകലം പൊതിഞ്ഞു.