ജിതിൻ ജോസഫ്
കാറ്റടിച്ചപ്പോൾ മൺകുടീരത്തിലെ
മൺചിരാതിലെ ഇത്തിരിവെട്ടം
അണഞ്ഞു.
നാളുകൾ പോയിമറഞ്ഞു.
ഏതോ കിളിയുടെ ചുണ്ടിൽ നിന്നും
മൺകുടീരത്തിൽ
വഴുതിവീണൊരാ വിത്തുകൾ
എന്നോ പെയ്തു തോർന്ന മഴയിൽ
പുതുനാമ്പുകളിട്ടു
അവിടെ ഇതാ ഉടലിൽ നിന്നും
ഉദരത്തിൽ നിന്നും
പുതുജീവൻ കിളിർത്തു.
മരമായി വളർന്നവ
തണലായി മാറി,
നാട്ടുകാർ അതിനു
മരത്തറ തീർത്തു.
ആ തറയിൽ ആ തണലിൽ
ഘോഷങ്ങൾ ആഘോഷങ്ങൾ,
കിളികൾ പറന്നു ചേക്കേറി
കളികൾ അരങ്ങുതകർത്തു.
വളർച്ചകളും
തളർച്ചകളും
ഇടർച്ചകളും
ആ തണലിൽ
ചർച്ചചെയ്യപ്പെട്ടു.
വേരുകൾക്കിടയിൽ ആരോ
അപ്പോഴും ആരുമറിയാതെ
വേരുകൾ പിടിച്ച്
വേരുകൾ പുണർന്ന്
ആഴത്തിൽ വേരുകൾ ഇറക്കി.