വിശപ്പ്

വിശപ്പ്

ശ്രീകുമാർ ചേർത്തല

“എന്തെന്നാൽ എനിക്കു വിശന്നു. നിങ്ങൾ ഭക്ഷിപ്പാൻ തന്നു.

എനിക്കു ദാഹിച്ചു. നിങ്ങൾ കുടിക്കാൻ തന്നു.

ഞാൻ പരദേശിയായിരുന്നു. നിങ്ങൾ എന്നെ സ്വീകരിച്ചു.

ഞാൻ നഗ്നനായിരുന്നു. നിങ്ങൾ എന്നെ ഉടുപ്പിച്ചു. “

“അനന്തരം അവർ അവന്റെ മുഖത്ത് തുപ്പുകയും അവനെ അടിക്കുകയും ചെയ്തു.

അവന്റെ വസ്ത്രം ഉരിഞ്ഞു മാറ്റി. ഒരു മുൾക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്സിൽ വച്ചു.” മത്തായിയുടെ സുവിശേഷം

” വിശക്കുന്നെനിക്കെ”ന്നൊരു മനുഷ്യന്റെയിടറിയ വാക്കിന്റെ കൈ കൂപ്പുന്ന യാചന…

“കള്ളനിവനെ “ന്നൊരു പരിഷ്കൃത സമൂഹത്തിൻ ശബ്ദം….

” ദാഹിക്കുന്നെനി “ക്കെന്നൊരു മനുഷ്യന്റെ നോവുന്ന വാക്കിന്റെ ദീന വിലാപം…

“ഭ്രാന്തനിവ “നെന്നലറും പുതു ലോകത്തിന്നൊച്ച…

” കറുത്തവനിവൻ “പൊങ്ങച്ച വെളുപ്പേന്തും ഡിജിറ്റൽ സ്വനം..

“വിശപ്പാണെൻ രോഗം.. “മെല്ലിച്ച മാനുഷന്റെ കണ്ണുനീർ…

” മർദ്ദനം നിസ്സഹായനൗഷധം, മരിക്കുക നീ “

” പ്രാകൃതൻ, അപരിഷ്കൃതൻ നീ… നീയീനാടിന്നപമാനം,

നീയാം വൈകൃതമില്ലാത്തൊരീ ലോകം സുന്ദരം , നീ ബലിയാവുക “

‘താടക’യുടെ യുവതാരുണ്യമൊടുക്കിയോരമ്പും ,

‘ഏകലവ്യ ‘ന്റെ പെരുവിരൽ മുറിച്ചോരസൂയയും ,

‘ ഘടോൽക്കച’ ന്റെ മാറിടം തുളച്ചൊരു വേലും ഇനി നിന്നന്ത്യത്തിനു സ്മാരകം

വനമൃഗം പോലും നോവിച്ചിടാത്ത നിന്നെ നഗരത്തിൻ മൃഗത്വം വേട്ടയാടുന്നു

‘ജീൻ വാൽ ജീനി ‘ നു കൽത്തുറുങ്ക്, മണ്ണിന്റെ വനപുത്രനു മരണം

” അവനെ ക്രൂശിക്ക… അവനെ ക്രൂശിക്ക… “

പുരുഷാരത്തിന്റെയാർത്തട്ടഹാസം വീണ്ടും തുടരുന്നു

1. താടക - ഒരു ദ്രാവിഡ രാജകുമാരി. (രാമായണത്തിലെ കഥാപാത്രം )
 2. ഏകലവ്യൻ - വന വാസിയായ         രാജകുമാരൻ (മഹാഭാരതത്തിലെ കഥാപാത്രം )
 3 .ഘടോൽകചൻ - ഭീമസേനന് കാട്ടാള സ്ത്രീ ഹിഡിംബിയിലുണ്ടായ  പുത്രൻ.
 4 .ജീൻ വാൽ ജീൻ -  വിക്ടർ  ഹ്യൂഗോയുടെ "പാവങ്ങൾ" എന്ന നോവലിലെ കഥാപാത്രം. റോട്ടി മോഷ്ടിച്ചതിന് ജയിലിലടക്കപ്പെടുന്നു ജീൻ വാൽ ജീൻ ..