വിൽക്കാൻ വെച്ച ഖബറുകൾ

വിൽക്കാൻ വെച്ച ഖബറുകൾ

ഫായിസ് അബ്ദുള്ള തരിയേരി

വിപ്ലവങ്ങളെണ്ണിപ്പഠിക്കുന്ന
കുട്ടൻ വിൽക്കാൻ വെച്ച
കഥകളിൽ
മുച്ചീട്ടു കളിക്കാരന്റെ
പ്രണയനഗരങ്ങളുണ്ടായിരുന്നു.
അതിന്റെ
പടവുകളിലിരുന്ന്
രാവു മുഴുവനും
പാടിത്തീർക്കാനാവാതെ
ഒറ്റച്ചിറകുള്ള പക്ഷി
ചുണ്ട് മുറിക്കുന്നു.
കൗതുകം തീരുമ്പോൾ
ഇറങ്ങിപ്പോന്ന പെണ്ണുണ്ട് ചെവിക്കൂനകളരിച്ചു
രഹസ്യം വിൽക്കുന്നു .
അങ്ങനെ എണ്ണിയാൽ തീരാത്ത
തലക്കെട്ടുകളിൽ നോക്കി
പാമ്പിനെ പൊതിയുന്ന വാദ്യാരുടേ തല്ലാത്തതെല്ലാം
ഒന്നിന്
പത്തണയെന്ന് വിലപേശാമെന്ന്
കരുതി ഞാൻ
അത് പോരാ ..
മാറ് തുറക്കുന്ന തുണിയല്ലിതെന്ന്
കുട്ടന്റമ്മ
പഠിപ്പതു ഗുണമില്ലാന്ന് വിതുമ്പി
ടപ്പേന്ന് കഥകളൊന്നൊന്നായി വിഴുങ്ങിയിട്ടും
മരിച്ചുപോയൊരാൾ മാത്രം
ദഹിക്കാതെ യെങ്ങനെ ?
മാനം കാണാതെ
വളർന്ന മുടിക്കെട്ടുകൾക്ക്
അന്വേഷണങ്ങളുടെ
ബോർഡുകളുണ്ട്
കണ്ടവർക്കൊന്നും
കേറിയിരിക്കാനൊ ക്കാത്തൊരു
പൊട്ടുമുണ്ടതിൽ
ആരോ കീഴടക്കിയ മരുഭൂമി പോലെ
നൊറിയുടെ വിടവ് നികത്തുന്ന
പാവാടക്കഷ്ണങ്ങൾ

എനിക്ക് ബേജാറ് കണ്ടതിനു
ചോക്കോണ്ട്
വരക്കാതെ
അക്കമിട്ടു കറക്കി
കൈലി മാഷതിനെ
അന്നമ്മോന്ന് വിളിച്ചു
ഞാനതു നിരീക്കുന്നി ല്ലാന്ന് പറഞ്ഞു
പള്ളിയിലേക്കോടി
ബീരാൻ മുക്രിന്റെ നോട്ടിൽ
നാല് വരകൾ കണ്ടന്ന് മാത്രം
ചിണുങ്ങി ചിണുങ്ങി
ഞാനും കുട്ടന്റനിയനെ പ്പോലെ കാലിട്ടടിച്ചു
കുതിരപോലെ പായുന്നൊരു
മരിച്ച വീട്ടിലെ കുന്തിരിക്കം കത്തിച്ച
മണമെന്റെ മൂക്കിൽ
ഛർദിച്ചു മുക്കുമ്പോൾ
ഞാൻ ഫ്രഞ്ചിലെ തെരുവ് കാണുന്നു
സൈക്കിളെടുക്കാൻ മറന്നിരുന്നു.
തുണിയുടുക്കാനും .
കുട്ടനെ കൂട്ടാനും .
മുഷിഞ്ഞ കോട്ടും
ചാരായം മണക്കുന്ന നോട്ടുമായി
കളിക്കാനോടുന്ന പയ്യനെ കാണണമെനിക്ക്.
എന്റെ ദാസ്തോ ..
നിന്നെയന്വേഷിച്ചൊരാ ൾ
സാരിയുടുത്ത്
ഇന്ത്യയിൽ കറങ്ങുന്നുവെന്ന്
പറയണമെനിക്ക്
കഥയിലെ
യാത്രകൾക്കാണോ
സ്വപ്നത്തിലെ
നേരങ്ങൾക്കാണോ
ദൂരമെന്നളക്കുന്ന
കളിക്കിടെ
ഇവിടെ ആരും ചൂത് കളിക്കാറും
കഥകളെഴുതാറുമില്ലെ ന്നൊരാൾ
ഫയദോറിന്റെ നിധി വായിച്ചുറങ്ങുന്ന
മുറിയിൽ ആഷ്ട്രേയും പിടിച്ചു എനിക്ക്
നിങ്ങളെ ഇഷ്ടമാണെന്ന്
മറ്റൊരാൾ
ദുസ്വപ്ന പ്രാർത്ഥനകൾക്ക്
അമ്മച്ചി പറഞ്ഞ
വിദ്യയിലെ
ഇടത്തോട്ടു നോക്കി ഒരൂക്കൻ തുപ്പലിൽ
പിശാചിനൊരാട്ട് വെച്ച്
കഥാകാരനുണരുമ്പോ ൾ
മറിഞ്ഞു കിടന്ന താളിലാരോ വെച്ചു പോയ
ഞാനെഴുതാത്തൊരു
രണ്ടു വരിക്കോപ്പിയിൽ കുട്ടനും അമ്മയും നാടോടുന്നു
അതേ ..
ഖബറിലാരും
മരിക്കുന്നില്ലല്ലോ
ഖബറിലാരും
മരിക്കുന്നില്ലല്ലോ