വിൽക്കുവാനുണ്ട്

വിൽക്കുവാനുണ്ട്

അജിത് പ്രസാദ് ഉമയനല്ലൂർ


വാടക മുറിയിലാണ്
നിങ്ങൾക്കാവശ്യമുള്ള
ഉത്പന്നങ്ങൾ എല്ലാം
വില്പനയ്ക്കായി വച്ചിരിക്കുന്നത്.

മനുഷ്യന്റെ
നീതികേടുകളിൽ
മൃതപ്പെട്ടുപോയ
പച്ചപ്പു മാത്രമല്ല,
പാതാളത്തിലേക്ക്
ചവുട്ടി താഴ്ത്തിയ
നദികളേയും,
ഗ്രീഷ്മം കൊന്നൊടുക്കിയ
പൂക്കളേയും ,
യൗവ്വനത്തിലിടിച്ചു തകർത്ത
കുന്നുകളേയും
ഇവിടെ തടവറയിൽ ഇട്ടിട്ടുണ്ട്.

ഇനിയുമുണ്ട്,
നദിയെ വീതിച്ച
ജലക്കുപ്പികൾ,
ആകാശം കാണാത്ത
പറവകൾ,
പ്രതീക്ഷകളസ്തമിക്കാത്ത
ജല മത്സ്യങ്ങൾ
തുടങ്ങിയവ കൂടി..

തെരുവോരത്ത് ഒരു
പുതിയ
മുറികൂടി തുറക്കേണ്ടതുണ്ട്.
മണ്ണു മറന്ന
വേരുകൾ,
മാതൃത്വം വറ്റിയ
മുലപ്പാൽപ്പൊടി,
ബോൺസായി ചെയ്ത
മനുഷ്യത്വം,
ഇവയെല്ലാം
പുതിയ മുറിയിൽ
വില്പനയ്ക്കായി വയ്ക്കാം.

കടലിനേയും
കരയേയും ഒരുമിച്ചിടാം.
അവ
പകലറുതികളിൽ
ഏകാന്തതയേയും
വന്യതയേയും കുറിച്ചു
സംസാരിച്ചുകൊള്ളും.

ഇനി
ഒന്നുകൂടി ബാക്കി ഉണ്ടല്ലോ??

ഹാ !
അവിടെയാണ്
ഉത്തമമായ സ്ഥലം.
പ്രണയത്തെ
മൃഗീയതയുടെ ഫോസിലുകളിൽ
നിക്ഷേപിക്കാം.
അവരവിടെ
പ്രതീക്ഷകൾ
കൈമാറട്ടെ…..