ഇയാസ് ചൂരൽമല
തലയുയർത്തി നിൽക്കും
എടുപ്പുകൾക്കിടയിലും
തലയുയർത്തി നടക്കും
മനുഷ്യർ തൻ നടുവിലും
തലകുനിച്ചാണവർ
പാതമൂന്നുന്നതൊക്കെയും
വിളക്കണഞ്ഞു പകലോൻ
ചിരിക്കും മുന്നേ
വീടു തുടക്കാതെ കൂടുവിട്ടവർ
പതിവ് തെറ്റിച്ചിടാതെ
നഗരം തുടച്ചു തുടങ്ങിക്കാണും
അന്യന്റെ എച്ചിലും
നിന്ദ്യന്റെ മോഹവും
തുവർത്തിത്തുടച്ചവർ
നഗര മുഖങ്ങളെ
പുളകിതമാക്കും
പണക്കൊഴുപ്പിനാൽ
ഇരിപ്പുറക്കാത്തവന്റെ
പരിഹാസ്യങ്ങൾക്കുമുന്നിൽ
പകയേതുമില്ലാതെ
ഇറുകെ ചിരിക്കും
വഴിയോരത്തെ വാതോരാതെ
വർണ്ണിച്ചു കൂട്ടുന്നവർ
വഴിയൊരുക്കുന്നവർക്കരികിൽ
രണ്ടടി അകലം പാലിച്ചു
മുഖം കനപ്പിച്ചു നടന്നകലും
അണഞ്ഞ വിളക്കുകൾ
ചിരിച്ചു തുടങ്ങാൻ നേരം
കാത്തിരിക്കുന്നവർക്കരികിൽ
നഗരം ഛർദ്ദിച്ച മണവും പേറി
അവർ ചേർന്നു തുടങ്ങും
നഗര പെരുമ
ചാനലിൽ മിന്നിതിളങ്ങും കാഴ്ച്ച
കൺനിറയെ കാണുമ്പോഴും
മുഷിഞ്ഞു ചെളിപുരണ്ടു
പെരുമയൊരുക്കിയവരിലെ
വിയർപ്പുണങ്ങി കാണില്ല..!