റ്റി സഞ്ജയ് നാഥ്
ചുവരിലാകെ ചിത്രങ്ങൾ.
രണ്ട്,നാല്,എട്ട് ,പെരുക്ക പ്പട്ടിക പോലെ
ഓരോ ദിവസവും കൂടി വരുന്നുണ്ടവ
ശലഭങ്ങൾക്ക് പിന്നാലെ പായുന്ന കുട്ടികൾ
ചിരികൊണ്ട് നിറയുന്ന കുട്ടികൾ.
ചുമർ ചിത്രങ്ങൾ നിറഞ്ഞ ഗുഹപോലെ
അവരുടെ മുറികൾ കുട്ടികളെ കൊണ്ട് നിറഞ്ഞു.
എന്തിനെന്നയാൾ ചോദിച്ചില്ല.
അയാൾക്കറിയാമായിരുന്നു ഓരോ
വരകളും അവൾക്കോരോ ജന്മം കൊടുക്കലുകളാണെന്ന്
ഭിത്തികൾ നിറയെ കുട്ടികളുള്ള ആ വീട്
അവളുടെ ഗർഭപാത്രമാണെന്ന്.
വിരസമായ ജീവിതത്തിന്റെ
തിരകളൊടുങ്ങാത്ത മുഖവുമായി
പ്രണയം പങ്കിടാതെ ചിരിച്ച സായാഹ്നങ്ങളിൽ,
പരസ്പരം ഉടലുരസാതെ ശ്രദ്ധാപൂർവ്വമകന്ന്,
എത്രയോ അടുത്ത് നടന്ന വഴികളിൽ
ഇല്ലാത്ത സൗഹൃദങ്ങളുടെ മേനിപറച്ചിലിനൊടുവിൽ
തൂവിപ്പോയ ഒരിറ്റ് കണ്ണ് നീർ
പുറം കയ്യ കൊണ്ട് തുടച്ച് ,നിഴലുകൾ
ചവുട്ടി നടന്ന പെരു വഴിയോരങ്ങളിൽ,
പിരിയാൻ വയ്യാതെ പിണഞ്ഞ് പോയ
വള്ളികളാണ് നാമെന്ന് മറ്റുള്ളവർ
പറയുന്നത് കേൾക്കെ ഉറക്കെ ച്ചിരിക്കാൻ
കൊതിച്ച ദൂഃഖങ്ങളുടെ മേളപ്പെരുക്കങ്ങൾ.
എന്തിന് വേണ്ടിയെന്നറിയാതെ അഭിനയിച്ചു തളർന്നു പോയ നിമിഷങ്ങളിലാണവൾ
വരകൾ കൊണ്ട് അമ്മയായത്.
വീടുകൾ മുഴുവൻ കുട്ടികൾ,
അവളവരെ പേരെടുത്ത് വിളിച്ചു.
അവൾക്കവർ അബുവായി ,അലനായി
ആരൃനായി ,അലീനയായി ,അപർണ്ണയായി
ശലഭങ്ങൾ മാത്രം കൂട് കൂട്ടുന്ന
പൂന്തോട്ടമായവളുടെ മുറി.
അവൾ അവരോട് കരഞ്ഞു
കലഹിച്ചു ,സല്ലപിച്ചു.
എന്നിട്ടുമയാൾ ചോദിച്ചില്ല എന്തിനെന്ന്.
അയാൾക്കറിയാമായിരുന്നു അവൾ വളർന്ന്
വലിയൊരു ഗർഭപാത്രമായിരിക്കുന്നുവെന്ന്.
കാൽമുട്ടുകളിൽ മുഖമമർത്തി
കിടക്കുന്ന കുട്ടിയുടെ ചിത്രം വരച്ച ദിവസമാണ്
അവൾ അയാളോട് വിരസതകൾ
അലിഞ്ഞടർന്ന മുഖം കൊണ്ട് ചിരിച്ചത്.
വൈകുന്നേരങ്ങളിൽ ഇപ്പോഴയാളും
ചുവർ ചിത്രങ്ങളിലെ കുട്ടികളോടൊത്ത്
കളിക്കാറുണ്ട്, കോണിയും പാമ്പും,
രണ്ട് കയറ്റത്തിനൊരിറക്കം പോലെ.
അവരിരുവരുമിപ്പോൾ സായാഹ്നങ്ങളെ
മാത്രമിഷ്ടപ്പെടുന്നവരാണ്.