കെ സുരേഷ് കുമാർ കുറത്തികാട്
പിഞ്ചിളം പൈതലേ നീയൊന്നടങ്ങുമോ
നെഞ്ഞിലെ വേദനയാറ്റിയാറ്റി
എന്തിനു കേഴുന്നു, പൈതലേയീ ധര
നോവിനെ വെന്നവർക്കുള്ളതല്ലോ
നിന്നിലെ മുറിവുകൾ ഉണങ്ങാമുറിവല്ല
നീറൂമീദുഃഖത്തിൻ ബാക്കിപത്രം
പാടുകളേറെയവശേഷിച്ചീടിലും
കാലമാമശ്വത്തിൻ കുളമ്പടിയീണത്തിൽ,
മായുവാൻപോന്നയുടലാഴം മാത്രം.
പൊന്നിളം പൈതലാം നിന്നകതാരിലെ
കുഞ്ഞിനെയേറെ വാത്സല്യദുഗ്ധം നൽകി,
സാന്ത്വനിപ്പിച്ചും താലോലിച്ചു
മീമണ്ണിൽ പുലരാനായി നിത്യം ശീലിപ്പിച്ചീടുകിൽ
മർത്ത്യനു ജീവിതം സ്വർഗ്ഗ തുല്യം.
മുറിവേറ്റ പൈതലേ താങ്ങിനിർത്തിടുക,
ജീവിതമേ രാഗമേള തുന്തിലതമാക്കുവാൻ
ശോകങ്ങളൊക്കെയും കാറ്റിൽ പറത്തുക
ഉള്ളിലെ മുറിവുകൾ താനേയുണങ്ങും വരെ
സർവ്വ ജീവജാലങ്ങളിലുമിരിക്കുമീകുഞ്ഞ്
എന്നിലും നിന്നിലും ആണ്ടിരിപ്പു..
സന്താപ സങ്കട കണ്ണീരിലെല്ലമീ മാനസപ്പൈങ്കിളി വേദനിപ്പൂ…
നിന്നരുമക്കുഞ്ഞിൻ നോവിനെകെടുത്തി
യുറാക്കാനീനിമിഷമാം ജീവനിൽ സഞ്ചരിച്ചീടുക,
ഗതകാലനോവിൻ കെണിയിൽ വീഴാതെ.
നിത്യവും,കൃത്യമായി സന്തോഷ സാധന ചെയ്യുക,
സന്തതമീ ബാലതൻ താപമകലട്ടെ,
സന്താപമാകെയകലെ മറയുകിൽ,
ഉള്ളിലെ ഉണ്ണിയോ നചികേതസാകും.
മറക്കാതിരിക്കുക, ജീവിതസമ്മർദ്ദ വീഥിയിലീയലറുന്ന,
യപാരപാരാവാര നടുവിലും,
അന്ധകാരത്തിൻ വൻചുഴിക്കുരുക്കിന്നുള്ളിലും,
മന്ദസ്മിതസമീരനായി വിളങ്ങുവാനിന്നിന്റെ നിമിഷത്തിലിപ്പോൾ പുലരുക.