ശേഷം

ശേഷം

താരാനാഥ്‌ ആർ

മരിച്ചു കഴിഞ്ഞപ്പോൾ ഞാൻ
പറമ്പിലെ ഏറ്റവും ഉയരം കൂടിയ മരത്തിൻ്റെ ഉച്ചിയിലെ കൊമ്പത്ത്
കീഴ്പ്പോട്ട് നോക്കി അന്തിച്ചിരിപ്പാണ്.
ഉയരം ഭയമായിരുന്നു ഭൂതകാല ജീവിതത്തിൽ.
വർത്തമാനമരണത്തിൽ
ആ ഭയം ഇല്ല.
പിടി വിട്ടാലും താഴോട്ടില്ല !
താഴെ ആൾക്കൂട്ടം , വിലാപം , അടക്കം പറച്ചിലുകൾ , അടക്കാനുള്ളൊരുക്കങ്ങൾ..
എൻ്റെ മരണകാരണം എവിടെയും എഴുതി വെച്ചില്ല !
പറയുന്നുണ്ടോ ?
(ഇത്തിരി കൂടി ഉച്ചത്തിൽ സംസാരിക്കൂ ..
എനിക്ക് എന്നെ കണ്ടുപിടിക്കാനാണ് .)
പതിയെ മരത്തിന് ഉയരം കൂടുകയാണ്
മരണവീട്ടിൽ നിന്ന് ഞാൻ അകലുന്നു ..
ഒരു പാരച്യൂട് ഭൂമിയിൽ ഇറങ്ങാൻ നമ്മെ സഹായിക്കുന്നത് പോലെ
ഭൂമി വിടാൻ എന്നെ സഹായിക്കുകയാണ് ഈ മരം
എൻ്റെ മരണാനന്തര ഭാവി
ഈ ആകാശക്കൊക്കയിലാണെന്ന്
ബോധ്യമായി
എൻ്റെ വീട് ഇപ്പോൾ ദൂരെ ഒരു പൊട്ടു പോലെ കാണാം
ഭൂമി ഒരു കുടവും
പെട്ടെന്ന് ആ പൊട്ടിൽ ഒരു നീല വെളിച്ചം തെളിഞ്ഞു.
അതെൻ്റെ ഫോൺ ആണ്
എൻ്റെ രഹസ്യങ്ങളുടെ ആ നാലക്ക നമ്പർ എത്രയെന്ന് ഭൂമി എന്നോട് ചോദിക്കുന്നു
അന്യാധീനപ്പെടാൻ പേടിച്ച് നിൽക്കുന്ന രഹസ്യങ്ങൾ ഞങ്ങളെക്കൂടെ കൊണ്ടു പോകൂ എന്ന് അലമുറയിട്ടു
പതിയെ ആ നീല വെളിച്ചം വലുതാവാൻ തുടങ്ങി
ഇരുട്ടു പരക്കുന്ന ഭൂമിയെ
അതൊരു നീല ഗർത്തമായി വിഴുങ്ങാനോങ്ങി.
കുതറിത്തെറിച്ച ഭൂമി
ശൂന്യതയിൽ വീണുടഞ്ഞു.
കുടം പൊട്ടി ഇരുട്ടിൽ പരന്ന പച്ച കലർന്ന നീലച്ചായത്തിൽ
ഞാനാ നനഞ്ഞ
രഹസ്യങ്ങൾ പരതി.