സോയ
ദിക്കും ദിശയും
അറിയാതെ
അയാൾ നടന്നു.
വീട്ടിൽ പോകണം
പക്ഷെ,
വീടിന്റെ പേരും
വീടിന്റെ നമ്പറും
വീട്ടീലേക്കുള്ള വഴിയും
ഓർക്കുന്നില്ല.
എന്നാൽ പിന്നെ
ജോലിക്കു പോകാം.
എപ്പോഴാണു
ജോലി തുടങ്ങേണ്ടത്,
ആരെയാണു
കാണാൻ ഉള്ളതു,
എവിടെയാണു ജോലി
സ്വന്തമായി
ഓർത്ത്
ബുദ്ധിമുട്ടെണ്ടെന്ന്
കരുതി
ഓർമ്മപ്പെട്ടിയിൽ
“സേവ്” ചെയ്തതെല്ലാം
മാഞ്ഞിരിക്കുന്നു.
വീട്ടിലേക്കു വാങ്ങേണ്ട
സാധനങ്ങളുടെ
നീണ്ട ലിസ്റ്റ്,
ഇടയ്ക്കിടെ
വിരുന്നുകാരായെത്തി
ശരീരമര്യാദ അളക്കും
മരുന്നുകളുടെ
സമയം,
വീട്ടിലെയും
വീട്ടുകാരിയുടെയും
ഫോൺ നമ്പർ,
അതും
യാന്ത്രികാനുഭൂതിയിൽ
മറന്നിരിക്കുന്നു..
ദൈവമേ !
ഭാവിയും ഭൂതവും
വർത്തമാനങ്ങളും
ഓർക്കേണ്ടതില്ലാതെ
എളുപ്പത്തിൽ
തയാറാക്കിയ
ഒറ്റ “ടച്ചിൽ”
പ്രത്യക്ഷപ്പെട്ടിരുന്ന
എന്റെ മെമ്മറിയുടെ
ശരീരം ആരോ
മോഷ്ടിച്ചിരിക്കുന്നു.
തലച്ചോറിൽ
നിന്നും
മെമ്മറികാർഡ്
തട്ടിയെടുത്ത
ഓർമ്മപ്പെട്ടി
അന്വേഷിച്ച് അയാൾ
പിന്നെയും യാത്ര
തുടർന്നു കൊണ്ടിരുന്നു !!