ആദിത്ത് കൃഷ്ണ ചെമ്പത്ത്
സ്കൂളിലെ
അവസാനത്തെ ബെല്ലിന്
തൊട്ടു മുമ്പുള്ള ബെല്ല്,
ഹലുവ മുക്കിലുള്ള
പിള്ളേർക്കുളളതാണ്,
അവർക്ക്
തുപ്പലാം പൊട്ടി ടീച്ചറുടെ
ക്ലാസ്സീന്ന് അഞ്ചു മിനുട്ട്
മുമ്പേ ഇറങ്ങാം.
അഞ്ച് മിനുട്ട്!
അത്ര ദൂരത്തൊന്നുമല്ലല്ലോ
ഹലുവ മുക്ക്.
വെയിൽ പാടം കഴിഞ്ഞ്,
ചെറുതോണികളുടെ
പുഴ കഴിഞ്ഞ്,
വരുന്ന ഞങ്ങൾക്ക്
മുള്ളുവേലികളുടെ
മറയിലിരുന്ന് കാണാം.
ഇടവഴി തിരിഞ്ഞ്
കൊന്ന മരങ്ങളുടെ
ചില്ലകൾക്ക് താഴെ..
അമ്മ പന്നികളുടെ
പേറ്റ് കുഴിയെന്ന് ടീച്ചർമാർ .
ഹലുവ മുക്കിലെ പിള്ളേർക്ക്
എന്ത് സുഖമാണ്.
വെളുപ്പിനെ എണീക്കേണ്ടതില്ല.
കടത്തു കാരന് പൈസ
കൊടുക്കേണ്ട.
സൂസൻ ടീച്ചറുടെ
ക്ലാസ്സേൽ കേറാൻ
ഓടി കിതച്ചെത്തേണ്ട.
ഹാജർ ബുക്കിൽ
പേരു വരാത്തവർക്ക്
കണ്ണടച്ചാത്തൻ വിളിക്കുമ്പോൾ
ഒന്നെണീറ്റ് നില്ക്ക പോലും
വേണ്ട.
ഇരിക്കുമ്പോൾ
അടുത്തിരുന്ന്
തമ്മിൽ മുട്ടാതിരിക്കാൻ
ക്ലാസ്സിലെ ബെഞ്ച് കുഞ്ഞുങ്ങൾ
നിരന്തരം കരയും.
ദേഹത്തൊരു ഹലുവ പെണ്ണിൻ്റെ
ചിത്രം പോലും വരക്കരുതെന്ന്
ചുമരുകൾ വഴക്കു പറയും.
ഒരു മധുര കത്തു പോലും എഴുതിയിടരുതെന്ന് സ്കൂളിലെ
തപാൽ പെട്ടി.
ഹലുവ ചെക്കന്മാരുടെ
കണ്ണിലെ നിറയുന്ന തേൻ
നോക്കരുത്.
ആൽമരങ്ങൾക്ക്
താഴെയിരുന്നൊപ്പം
കക്കു കളിക്കരുത്.
ഒരുമിച്ചൊരു
ഏഞ്ചു വടി കവിത പോലും
ഏറ്റു പാടരുത്.
ഇത്തിരി
ദൂരം അകലെ
അമ്മമാർ പറഞ്ഞത്
തീണ്ടാപാടകലെ.
കഴിഞ്ഞ വിഷുവിന്
ഹലുവ മുക്കിലെ
കൊന്ന മരങ്ങൾ മാത്രമാണ്
നന്നായി പൂത്തത്.
എന്നിട്ടും കണി വെക്കാൻ
ഒരു പിടി പോലും
കൊന്നയില്ലെന്ന് അപ്പൂപ്പൻ.
അമ്പലകുളത്തിലെ
മീൻ കുഞ്ഞുങ്ങൾക്ക്
സുഖമായി പേറാൻ
നാട്ടിലൊരു തരി മഴ പോലുമില്ലെന്ന്.
വായനശാലയിലിരുന്നൊരു
മനുസ്മൃതി പോലും
വായിക്കാൻ പറ്റുന്നില്ലെന്ന്.
ഹലുവ മുക്കിലെ
പിള്ളേരുള്ളപ്പോൾ
ആഗസ്റ്റ് പതിനഞ്ചിന്
കൊടിയുയർത്താൻ
മടിക്കുന്നു.,
ഹെഡ്മാഷ്.
ഇരിപ്പിടങ്ങളിലെ
ഹലുവ പിള്ളേരുടെ
പേര് മായ്ക്കുന്നു.
ഇടയ്ക്ക് മാത്രം പെയ്യുന്ന
ചാറ്റൽ മഴ.
ഒരു നാൾ
വൈക്കോൽ കൂനകൾ പോലെ
ഹലുവ മുക്കും കത്തിയെരിയുമെന്ന്
ക്ലാസ്സിലെ ടീച്ചർ.
പ്രസവിച്ച് വീഴണ
ചെമ്പരത്തി മൊട്ടുകള പോലെ
ഒരു നാൾ
പുലർച്ചെയ്ക്ക്,
ഓടയിലൊഴുകും
ആയിരം ചാപ്പിളകൾ.
എന്നാൽ
ടീച്ചർമാർക്കിനി
ഹലുവ പിള്ളേർക്ക്
കഥകൾ പഠിപ്പിക്കേണ്ടതില്ലല്ലോ
ഒരുമിച്ച് കവിതകൾ
എഴുതിക്കേണ്ടതില്ലല്ലോ,
ദേശത്തിൻ്റെ
ഭൂപടങ്ങളിൽ
” ഹലുവ മുക്കെന്ന് “
ഇനി അടയാള പെടുത്തേണ്ടതില്ലല്ലോ,
അവരുടെ ചോറ്റു പാത്രങ്ങളുടെ
ഒച്ചയും
സഞ്ചിയിലെ
ഹലുവ മണങ്ങളും
ഞങ്ങൾ ഓർക്കാതെയാകും.
ഇനിയുള്ള
വിഷുവിന്
അവരുടെ കൊന്നമരങ്ങൾ
പൂക്കാതെയാകും.
മൂത്രപുരകളിൽ
ഹലുവ പിള്ളേരുടെ
മൂത്ര ചൂരൊഴിഞ്ഞു പോകും.
തുപ്പലാം പൊട്ടി ടീച്ചറുടെ
ക്ലാസ്സേന്ന്,
അഞ്ച് മിനുട്ട് മുമ്പേ
ഇറങ്ങിയ അവർക്ക്,
അകലേന്ന് മാത്രം
സ്കൂളിത്തെ ദേശീയ ഗാനം
കേൾക്കാനാവുന്ന പോലെ.