ഇയാസ് ചൂരൽമല
അരികുചേർന്നിരുന്നു
മധുരം വിളമ്പും
പൂവിതളുകളിൽ
അസൂയ വെച്ചാണവൾ
വിരിഞ്ഞു വന്നത്
വർണ്ണം ചാലിച്ച
ചിറകുകൾക്കായ്
വിരുന്നൊരുക്കാനവൾക്കും
ഒത്തിരി തിടുക്കമായിരുന്നു
ആദ്യമായ് മധുരം
പൊടിഞ്ഞപ്പോൾ
അരികിൽ വന്നിരുന്ന
വർണ്ണ ശലഭത്തെ
കാറ്റിൻ ചിറകിലേറി
കിന്നാരം പറഞ്ഞു
വിരുന്നു വിളിച്ചു
കുഞ്ഞുവയറു വീർത്തു
ചുണ്ടിലായ് മധുരം പൂത്തു
കൂടെ നൃത്തം ചവിട്ടി
തിരികെ പറക്കുമ്പോൾ
നാളെയും തിരഞ്ഞെത്തുമെന്ന്
അവളും നിനച്ചു
വറ്റിയ ഇതളിൽ
നേരം വെളുക്കും മുന്നേ
തേൻ നിറച്ചവൾ
തഴുകും കാറ്റിലേറി
തിരഞ്ഞു തുടങ്ങി
നീല വർണ്ണം ചാലിച്ച
ചിറകിലൊക്കെയും
പ്രതീക്ഷ നിറച്ചു…
അരികിൽ വിശന്നെത്തിയ
പുതുമുഖങ്ങളിലൊക്കെയും
കാറ്റിനെ കൂട്ടുപിടിച്ചു
അകലം പാലിച്ചു
അവളിൽ നുരഞ്ഞിടും
തേൻ തുള്ളികൾ
ഗർഭം ധരിച്ചപ്പോൾ
അരികിലായ് വാടിയ
പൂ അവളിലായ് ചൊന്നു
കാത്തിരിപ്പതു
അസ്തമിപ്പിച്ചീടുക
അരികു ചേർന്നിടും
ചിറകിലൊക്കെയും
കളങ്കമില്ലാതെ വിരുന്നൂട്ടിടുക
ഒരു പൂവും
ഒരു ചിറകിനാൽ
മാത്രം ഉണ്ടതില്ല,
ഊട്ടിയതുമില്ല..!
