വികൃതി

വികൃതി

സ്മിത സൈലേഷ്

വടക്കേലെ ചന്ദ്രികേടത്തീടെ
വീടിനടുത്തുള്ള മുളം കൂടില്ലേ
അതിന്റെ മോളില് കറുത്തിരുണ്ട്
ഉരുണ്ടു കൂടിയത് മുതൽ
നോക്കിയിരിക്കുകയാണ്

നോക്കിയിരിക്കുമ്പോൾ
ഉരുണ്ടു പിടഞ്ഞോടി..
മൂവാണ്ടൻ മാവിന്റെ മോളില്
വലിഞ്ഞു കേറി, ആകാശത്തേക്ക്
കയ്യെത്തി പിടിക്കുന്നത് കണ്ടു
കയ്യിലും മുഖത്തും
കരിമുകിൽ മാറാല
പുരണ്ടെന്നു
തൂത്തു തുടച്ചാകെ
കരി പുരളുന്നതും  കണ്ടു

ചില സമയത്ത്..
തനി വികൃതിയാണ്
വെപ്രാളപ്പെട്ട്..
കണ്ട മരത്തിലും
ചില്ലയിലുമൊക്കെ
തൂങ്ങിയാടും
ചിലപ്പോൾ
കണ്ണീ കണ്ട
ചെളികുണ്ടിലൊക്കെ
കിടന്നുരുളും
ചിലപ്പോൾ
ഒരു നീല മേഘത്തിനും
ഒരു വെള്ളമേഘത്തിനും
ഇടയിലെ ദൂരം
അളന്നു നടക്കും

ചിലപ്പോൾ
അകമുറിയിൽ
പകലിനെ തേവി വറ്റിച്ച്
ഇരുട്ട് കോരി നിറയ്ക്കും
ചിലപ്പോൾ പൂക്കളിൽ
വാസനിച്ചെടുക്കാൻ പറ്റും
ചിലപ്പോൾ മുള്ളിലും മുറിവിലുമാണ്

എന്തൊരു ജന്മമാണിതിന്റെ
എന്നു തോന്നാറുണ്ട്

ഇന്നിപ്പോ കൊറേ നേരമായി
ആ ചില്ലയിൽ തൂങ്ങി കിടപ്പാണ്
നോക്കി നിൽക്കുമ്പോൾ
കട്ടുറുമ്പിൻ കൂടിളകിയെന്നും
കടിച്ചു കൊല്ലാറാക്കിയെന്നും
ചുവന്നു തിണർത്തെന്റെ
മടിയിലേക്കോടി കയറിയിരുന്നു

നൂറു കൂട്ടം
പണിയുള്ളപ്പോഴാണ്
ആരായാലും
ഇച്ചിരി ദേഷ്യപെടില്ലേ
സംഗതി
ഈ വികൃതി
വരുന്നതൊക്കെ
ഒരു സന്തോഷം തന്നെ
ന്നാലും ഒരു ഔചിത്യമില്ലേ
ഒച്ചയെടുത്തതും
കണംകാലിൽ
നീരോലി കമ്പെടുത്ത്
രണ്ടടി വേച്ഛ് കൊടുത്തതും
അത് കൊണ്ടാണ്..

എന്നേന്നല്ല
ഒറ്റ മനുഷ്യരെയും
ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്

സത്യമായും
രണ്ടു കുഞ്ഞടിയായിരുന്നു
അതിനിത്രക്കു
കനത്തു പെയ്യുമെന്നൊന്നും
ഞാൻ കരുതിയില്ല
രാവിലെ മുതൽ
ഇവന്റെ പെയ്ത്തിൽ
നനഞ്ഞു വിറക്കുകയാണ്
കവിത നനഞ്ഞു നനഞ്ഞ്
എന്റെ കണ്ണൊക്കെ ചൊന്നിരിക്കുന്നു
ഇന്ന് പനി പിടിക്കാനിടയുണ്ട്
കവിതയിങ്ങനെ
തോരാതെ പെയ്യുമ്പോൾ
കേറി നിൽക്കാൻ
എനിക്കൊരു മേൽക്കൂരയില്ലെന്നു
ഈ കഴുതയോട്
ആരേലുമൊന്നു പറയുമോ..