ഷിബിൻ ചെമ്പരത്തി
വസന്തത്തെക്കുറിച്ച്
അവളോട് ചോദിച്ചു,
അടിവയറിൽ കൈവച്ചു
അവളൊന്നു പുഞ്ചിരിച്ചു.
ഋതുക്കൾ
വാക്കുമാറിയിട്ടും
ആദ്യം പെയ്ത
ആ സ്വപ്നച്ചുവപ്പ്
ഇന്നും മോഹനദിക്ക്
നിറം നൽകുന്നുണ്ട്.
ഉത്തരച്ചൂടിന്റെ
അതൃപ്തിയിൽ
ആരൊക്കെയോ
ഉഷ്ണമേഖലയിലിരുന്ന്
മുഖം ചുളിച്ചു.
അമ്മയോളം വെണ്മയുള്ള
മറ്റൊരു മനുഷ്യനിലാവും
ഹൃദയാകാശത്തില്ലെന്ന്
സ്വപ്നഭൂമി വീണ്ടും പറഞ്ഞു.
എന്നിട്ടും
അശുദ്ധിവേലിയിൽ
ഉടലുണക്കുമ്പോൾ
അവൾക്കിന്നും
തീ പിടിക്കാറുണ്ട്.
ശുദ്ധമേഘത്തിനു
താഴെ നിന്നു
തീയണയ്ക്കാൻ
കൂവുന്നവരേ…
നിങ്ങൾക്കീ ജന്മത്ത്
മഴ കിട്ടുമോ???