കാസിം അതിരുമട
ഞാനെൻറെ ഹൃദയം തുറന്നിട്ടു, വല്ല യാചകരും കണ്ടുമുട്ടിയാൽ കയറി വന്നോട്ടെ…
തിരഞ്ഞു തിരഞ്ഞു ഒഴുകുന്ന പുഴയെ കണ്ടുമുട്ടി
കരഭാഗം ആഴം കുറവാണ്. പിന്നെ ദിവസവും പുഴക്കരയിൽ സാന്നിധ്യം ഉറപ്പിച്ചു. തിരിച്ചു പോകുമ്പോൾ മനസ്സ് അവിടെത്തന്നെ നിൽക്കും. പുഴയുടെ ഭംഗിയിൽ നിന്നും തിരിഞു പോകാനായില്ല. പതിയെ പുഴയോടടുത്തു. ഒഴുകുന്ന വെള്ളത്തിൽ കാലിനെ നടത്തി; പാദങ്ങളെ ജലത്തുള്ളികൾ മെല്ലെ തൊട്ടുതലോടി നല്ല തണുപ്പ് , ഉഷ്ണക്കാറ്റ് തളർത്തിയില്ല. പുഴയുടെ ഒഴുക്ക് മെല്ലെമെല്ലെ കൂടി വരുന്നതുപോലെ അനുഭവപ്പെട്ടു. പുഴക്ക് ഒരുപാട് പറയാനുണ്ടായിരുന്നു, എനിക്കും. പക്ഷേ പരസ്പരം ഒന്നും മിണ്ടിയില്ല. മനസ്സിൽ പറയാൻ വല്ലാതെ വെമ്പൽ കൊണ്ടു. പറയാനുള്ളതൊക്കെ മനസ്സിൽ പറഞ്ഞു ശീലിക്കുകയും, കണ്ണാടിയിൽ നോക്കി ച്ഛായമുണ്ടാക്കുകയും ചെയ്യും, പുഴയെ കണ്ടുമുട്ടുമ്പോൾ വാക്കുകളെ ഞാൻ മനപ്പൂർവ്വം വിഴുങ്ങും. പുഴയുടെ അതിർത്തികൾ കാണാനായില്ല . കരയിലിറങ്ങിയപ്പോൾ ഇനിയങ്ങോട്ട് ഒരുപാട് ആഴ ങ്ങളുണ്ടെന്ന് മനസ്സിലായി. ശുദ്ധ പ്രകൃതിയുടെ അരികിലൂടെ നൃത്തമാടുന്ന പുഴക്ക് തിളങ്ങുന്ന വെട്ടമാണ്. എല്ലാവർക്കും അങ്ങനെയാവണമെന്നില്ല; എൻറെ കണ്ണിലൂടെ കാണുന്നവർക്കെ അത്രമേൽ സൗന്ദര്യത്തെ വർണ്ണിക്കാനാവൂ. പുഴയിൽ ഇറങ്ങിയ എനിക്ക് തിരിച്ചു കയറാനായില്ല. പുഴ എന്നെ പ്രണയത്തിൻറെ ലോകത്തിലൂടെ വഹിച്ചു കടലിലേക്ക് കൊണ്ടുപോയി.
