റഹീം അബ്ദു
ജനലുകഷ്ണിച്ച് മുഖത്തിട്ട വെയിലു പാതിനനഞ്ഞ്, കടലാസു നിവർത്തി കുത്തിക്കുറിച്ച്, ജനലഴിക്കൽ ചാരി, അവൾ ഉള്ളിലേക്കൂർന്നു.
സന്ധ്യാമടക്കത്തിൽ, ഇളം മഴ കുടിച്ചിറക്കിയ മഷിപ്പടരുകൾക്കിടയിൽക്കൂടി പെറുക്കിയെടുത്ത് വായിച്ചിറക്കി…
“സ്ഥിരം നോട്ടക്കാരന്: ഇഷ്ട്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു.
ആരംഭത്തിലൊരുപാട് മദന നോട്ടങ്ങൾ, ഉൾച്ചിരികൾ …. ഇനിയുമേറെ കാക്കുന്നു. ഇഷ്ടാതിരേക കൺചൂരുകൾക്കായി ….. മോഹിനിയായിട്ടെന്നും”
പാരസ്പര്യ എതിർഗമനങ്ങളിൽ കൂട്ടിയുരസിയ നോട്ടങ്ങൾക്കെങ്ങനെ അനുരാഗ രാഗം വന്നു!
മിണ്ടി പ്പറയാനില്ലാതെ കൂടിപ്പിരിഞ്ഞ ചുണ്ടുകളും, കല്ലുമാതിരി കടുത്ത കവിളുകളും, ഇടക്കുളിരായി പുറത്തിട്ട നിരുപാധികച്ചിരികളിലെങ്ങനെ പ്രേമത്തിന്റെ ചുണ്ടോപ്പികൾ വരച്ച വെളുങ്കിനാക്കൾ ചുണ്ടത്തും പിന്നെയീ വരിയിലും വിരിഞ്ഞു?
രാത്രിക്ക് ജനലടയും മുമ്പേ, മറുചോദ്യം കൊടുത്ത് കാത്തിരുന്നു.
അവരവർക്കായ് കോർത്തൊരുക്കിയ കണ്ണികളിൽ ചോർച്ചയില്ലാതെ കാക്കാൻ, ഇനിയുമൊരു പൂവെൻ്റെ മുന്നിൽ വിരിയാതിരിപ്പാൻ, അവളെൻ്റെ തോട്ടത്തിൽ കാവലിരിപ്പുണ്ട്.
