കടൽചുരങ്ങൾ

കടൽചുരങ്ങൾ

സുഭാഷ് പോണോളി

ജലസ്മൃതിയുടെ ഇരട്ടപ്പെരുക്കങ്ങളിൽ പങ്കായം തുഴഞ്ഞെത്തിയ കടൽചുരങ്ങളിൽ കൊടുങ്കാറ്റുകൾ
മുട്ടയിട്ടടയിരിക്കുന്ന ദ്വീപാണ് നീ.

വടവൃക്ഷത്തലപ്പുകളിൽ പ്രണയം കാത്തുവെച്ച പച്ചപ്പിൻ
കുടചൂടിയെത്തിയ
കവിതയിൽ നിന്നെ പുതച്ചയാകാശ
നീലാംബരികൾ
പൂവിടുന്നയിടം.

സമുദ്രാന്തർ
ചെരുവിലെ ചുഴിയാഴങ്ങളിൽ നാം നട്ടുവളർത്തിയ പവിഴച്ചെടികൾ
തമോഗർത്തങ്ങളിൽ വാടി ദലങ്ങൾ കൂമ്പുന്നു.

കരിനീല സാഗര സമതലങ്ങളിലെ
മേച്ചിൻ പുറങ്ങളിൽ കറുത്ത രാത്രികൾ
നിരാകരിച്ചയെന്റെ
ജ്വരം കാണുന്നില്ലേ നീ.

നീർവ്യാളികൾ ഭുജിച്ചു
തീർന്നയെന്റെ കണ്ണിലെ അസ്തമയങ്ങൾക്ക് ഇപ്പോൾ മരണത്തിൻ ശൈത്യചവർപ്പ്.

മടക്കിയൊതുക്കിയ തിരയുമായൊരു കാറ്റ് കരലക്ഷ്യമാക്കി നീന്തുന്നുണ്ട്.

പകൽച്ചോപ്പിന്റെ മഷിയുമായൊരു കപ്പിത്താൻ കപ്പം കൊടുക്കാതെയെൻ ലഹരിമോഷ്ടിക്കുന്നു.

മോചനത്തിനായ് അരക്കില്ലങ്ങൾ തീയിട്ട നീ മറഞ്ഞത് വെറുപ്പിന്റെ തുരുത്തുകളിൽ രാപ്പാർക്കാൻ.

കരയിൽ കുഞ്ഞുങ്ങൾ പന്തു കളിക്കുന്ന
സന്ധ്യയിൽ മൃതി ചൊരുക്കു മാന്തുന്ന രണ്ടു
കൈത്തലങ്ങളെന്റെ ശാപ
ജാതകത്തിനിരുട്ടു കൊയ്യുന്നു.

അഗ്‌നിയാഴങ്ങളിൽ പഴുത്ത ലോകമെന്നെ
പുച്‌ഛത്തിന്റെ തൂക്കുമരത്തിൽ
തൂക്കിക്കൊല്ലാൻ വിധിക്കുന്നു.

എന്റെ
തത്വമീമാംസകളുടെ കൂടുവെച്ച വരണ്ട തൊണ്ടയിൽ
ഒറ്റവരികവിത വെളിച്ചം തേടി കരയുന്നുണ്ട്.

മരണമെന്ന അക്ഷരത്തോട് പൊട്ടിയ്ക്കുവാൻ !