നിഴൽ

നിഴൽ

സഫ്‌വാൻ ചിയ്യൂർ

കുഞ്ഞായിരിക്കുമ്പോൾ
ഉമ്മ പറഞ്ഞു പേടിപ്പിക്കാറുള്ള
ഒരു നിഴലുണ്ടായിരുന്നു…
വെയിലിലിറങ്ങി നിൽക്കുമ്പോൾ
ചോറുണ്ണാൻ മാത്രം കരുവാക്കാനുള്ള
ഒരു കുഞ്ഞു നിഴൽ.

ഓർമ്മകൾക്കും മുമ്പ്
മനസ്സിനെ പേടിപ്പിച്ചു നിർത്തിയ
ഒരു രൂപമില്ലാത്തവൻ.
അനേകം രാത്രികളിൽ
ഉറക്കമിളക്കുന്ന സ്വപ്നമായ്
പല രീതിയിൽ പ്രത്യക്ഷപ്പെട്ടവൻ.!

എങ്കിലും, വളർച്ചയിലെപ്പോഴോ
അടുത്ത ചങ്ങാതിയായ്
തണൽ വിരിച്ചുതന്നപ്പോൾ
എന്നിലേക്കൊതുങ്ങാൻ തുടങ്ങിയ വ്യക്തിത്വം അവനിലേക് ഞാൻ പറിച്ചു നട്ടു…

പക്ഷേ,ഒരുനാൾ ഹൃദയം മരിച്ചവനായി
വിഷാദരോഗി ആയപ്പോഴേക്കും
കൂരിരുട്ടിൽ ഞാൻ അറിഞ്ഞു
നിഴൽ പോലും തനിച്ചാക്കി പോയെന്ന്…

അതെ, ഉമ്മയായിരുന്നു സത്യം
നിഴലും ഭീതിപ്പെടുത്തുന്നവയാണ്
കൂരിരുട്ടിൽ തനിച്ചാക്കി മറഞ്ഞിരിക്കും..!