ഫഹദ് ബിൻ റഷീദ്
മരിച്ചവരുടെ ചാറ്റുകൾ വായിക്കാറുണ്ടോ?
കൊതിതീരുവോളം കാത്തുനിൽക്കാതെ വിടരുംമുമ്പേ പൊലിഞ്ഞുപോയ പല സൗഹൃദങ്ങളുമില്ലേ?
അറ്റംകണ്ടെത്താനാവാത്ത സുഹൃദ് വലയങ്ങൾ തീർത്ത് വിടപറഞ്ഞുപോയ കുറച്ച് പ്രിയപ്പെട്ടവരുണ്ട്.
ജീവിതസായാഹ്നങ്ങളിൽ അവരുടെ ഓർമകൾ തികട്ടിവരുമ്പോൾ അവരുമായുള്ള ചാറ്റുകൾ ഞാൻ വായിച്ചുനോക്കാറുണ്ട്.
ഒരുമിച്ചുനടന്ന വഴികളിൽ അപ്പോഴും സങ്കടമഴ പെയ്തുതോർന്നിട്ടുണ്ടാവില്ല.
പരസ്പരം തമാശകൾ പങ്കുവെക്കാനായി കയറിനിന്നയിടങ്ങളിൽ ദുഃഖം തളംകെട്ടിക്കിടക്കുന്നുണ്ടാവും.
ചിരിച്ചും കെട്ടിപ്പിടിച്ചും ആഘോഷിച്ച നിമിഷങ്ങൾ ഹൃദയാന്തരാളങ്ങളെ വിറങ്ങലിപ്പിക്കും.
ആനന്താശ്രു പൊഴിച്ച ‘ഇമോജി’കൾ ഗദ്ഗദങ്ങൾക്ക് വഴിമാറും.
വികാരങ്ങൾ അലതല്ലുന്ന ‘വോയ്സു’കൾ രോമകൂപങ്ങളെ വിറകൊള്ളിക്കും.
‘റിപ്ലെ’ കൊടുക്കാതെപോയ മെസ്സേജുകളെയോർത്ത് നാം സ്വയം പഴിചാരും.
പൂതിയോളമെത്താതെ കൈവിട്ടുപോയത് പടച്ചോന്റെ വിധിയാണെന്നതിനാൽ സന്താപത്തിലും ക്ഷമിക്കാൻ ഊർജം കണ്ടെത്തും.
പ്രിയപ്പെട്ടവരെല്ലാം എനിക്കുമുന്നേ വിടപറയുമെന്ന ബോധ്യത്താൽ ബന്ധങ്ങളെ ആത്മാർഥമാക്കാൻ സ്ഥിരോത്സാഹം ലഭിക്കും.
വിടപറയുംമുന്നേ നല്ലൊരു മനുഷ്യനാവാൻ സ്വയം ഉപദേശിച്ചുതുടങ്ങും.
അപരർക്ക് പ്രിയമുള്ള ഓർമകളാവാൻ രസമുള്ള നിമിഷങ്ങൾ പങ്കുവെക്കാൻ ശ്രമിക്കും.
നാളെ സുഖാനുഗ്രഹങ്ങളുടെ പറുദീസയിൽ ഒരുമിപ്പിക്കണേയെന്ന് നാഥനോട് കേണുകൊണ്ടേയിരിക്കും.