അനിർവ്വചനീയം

അനിർവ്വചനീയം

ദീപ വിഷ്ണു

ഈറൻകാറ്റും ദളമർമ്മരങ്ങളും നിന്നുടെ പ്രണയവായ്‌പെന്നോടുചൊന്നതും,

സ്വപ്നങ്ങളുടെ മഴക്കാടുകളിളക്കി,

മോഹമഴയുടെ വരവായീ.

പിന്നീട് പതുക്കെ പെരുമഴയായിമാറി,

നീയെന്നിൽ നിറഞ്ഞുപെയ്യുമ്പോൾ,

ജന്മാന്തരങ്ങളിലെ ഒരു പരിചയംപുതുക്കൽ മാത്രമിതെന്നു നാമറിഞ്ഞു.

എന്നിൽ തേന്മഴയായ്

നീ പെയ്തിറങ്ങുമ്പോൾ,

സിരകളിൽ സ്നേഹവീണ വായിക്കുമ്പോൾ,

എന്നിലെ ഓരോതരിയും ഓരോകണവും,

നീ നിന്റേതാക്കുമ്പോൾ,

ഒരു കരിവണ്ടിന്റെ ചുംബനവർഷത്തിൽ നിർവൃതിയടഞ്ഞിതൾകൂമ്പിയൊരുപൂവായിമാറി ഞാൻ.