ഇയാസ് ചൂരൽമല
അടുക്കളമുറ്റവും
നാട്ടുവഴികളും
ആട്ടും തുപ്പും മാത്രം
സമ്മാനിച്ച നാളുകൾ !
ഇറങ്ങിനടക്കാനിത്തിരി
അന്നം രുചിക്കാൻ
ഇരുട്ടിൻകൂട്ടിനായ്
കാത്തിരുന്ന നാളുകൾ !
ആട്ടിയോടിച്ചു
ചാക്കിലേറ്റിക്കൊണ്ടിട്ടു
തിരക്കിട്ടോടും മനുഷ്യരാൽ
പടുത്തുയർത്തിയ
വഴിവക്കിൽ തള്ളിയ നാളുകൾ !
ആദ്യദിനങ്ങളോ
ക്ലേശഭരിതം
ആദ്യമേ ഇടംപിടിച്ചവരുടെ
അധികാരഹുങ്കിനാൽ
ഒതുങ്ങേണ്ടിവന്ന നാളുകൾ !
ഒതുക്കം വെടിഞ്ഞു
മറുശബ്ദമുയർന്നപ്പോൾ
തോളോട്ത്തോൾ
ചേർന്നിരുന്ന നാളുകൾ !
സ്വർഗമായിരുന്നു
ഭയലേശമില്ലാതെ
രാപ്പകലിറങ്ങി നടന്നു
കണ്ണിൽ കണ്ടവരെയൊക്കെ
കടിച്ചുകീറിയ നാളുകൾ !
പിച്ചതേടും ബാല്യവും
ചുക്കിച്ചുളിഞ്ഞ വൃദ്ധരും
ഇത്തിരിയന്നത്തിനായ്
ഏന്തിവലയുമ്പോൾ
മൃഗസ്നേഹിതർ തൻസൽക്കാരം
ഞങ്ങൾക്കായൊരുങ്ങിയ നാളുകൾ !
ഇരു വശം നോക്കാതെ
തിരക്കിട്ടോടും നേരം
കാലമർത്തിയിട്ടും നിൽക്കാതെ
വന്നൊന്നുതട്ടിയാൽ
മനുഷ്യജീവനുവേണ്ടി
ഒച്ചവെക്കാത്തവർപോലും
കൊടിപിടിച്ചിറങ്ങും
ഉച്ചത്തിൽ ശബ്ദിക്കും
മനുഷ്യജഡം
തോളിലേറ്റിയ നാട്ടിൽ
ഞങ്ങൾക്കായ് ആതുരാലയം
ഒച്ചവച്ചുപാഞ്ഞെത്തും നാളുകൾ !