കളിമാറ്റം

കളിമാറ്റം

ജി എസ് ദിവ്യ

കളിച്ചു മടുത്തു
‘ കഞ്ഞീം കറീം’ ,
കിരീടം വെച്ച പല കളിക്കാരികൾക്കും.
കണ്ണൻ ചിരട്ടയിലെ
മണൽച്ചോറ്,
എത്ര
പുകഞ്ഞൂതി കത്തിച്ചിട്ടും,
അടുപ്പിൽ വേവാതെ
നെഞ്ചിലെ കനൽച്ചോറാവുന്നു.
പുളിയില ബിരിയാണിക്കുള്ളിൽ
ഉറവ പൊടിഞ്ഞ് തളം കെട്ടി
പഴകിയ കഞ്ഞി ചുവയ്ക്കുന്നു.
പച്ചവെള്ള വെളിച്ചെണ്ണയിൽ
കാച്ചുന്ന പ്ലാവില പപ്പടങ്ങൾ
എന്നും,
കറുത്തും കരിഞ്ഞും
പോവുന്നു.
ഇനി ചമ്മന്തിയാവില്ല എന്ന്
തൊട്ടാവാടി
തൊടാതെ പറഞ്ഞു.
അച്ചിങ്ങ അച്ചാറിൽ
ഉപ്പും മുളകും
ഭരണിപ്പാട്ട് തുടങ്ങി.
നുറുക്കിയ
കമ്മ്യൂണിസ്റ്റ് പച്ചകൾ,
സംഘം ചേർന്ന് കൊടി പിടിക്കുന്നു
തോരനാവാതെ ,
ഉപ്പേരിപ്പാത്രത്തിൽ .
ഇനി, കളി മാറ്റണം.
‘ ഒളിച്ചേ കണ്ടേ’ ?
ഇരു ധ്രുവങ്ങളിൽ നിന്ന്
തൊട്ടാ തൊടീലോ?
കരൾക്കല്ലു പെറുക്കി,
മിനുസപ്പെടുത്തി ,
കടം വെച്ച് കൊത്തങ്കല്ലോ?
ഉടലിനെ എറിഞ്ഞ് ഉയിരിനെ പിടിച്ച്,
ആയത്തിൽ മാറി മാറി
അമ്മാനമാടണോ?
ഒരിക്കലെങ്കിലും ജയിക്കുന്ന,
മടുക്കാത്ത കളി കളിക്കണം.