വഴി v/s യാത്ര

വഴി v/s യാത്ര

ജി എസ് ദിവ്യ

ഗ്രാമത്തിൽ നിന്നും
ഇറങ്ങി നടന്നൊരു
രാത്രി സ്വപ്നം ,
വഴി തെറ്റി
ഏറെ അലഞ്ഞ്
നഗരത്തിന്റെ ഉറക്കമില്ലാത്ത ആഘോഷ മുറിയിൽ
ചെന്നു കയറി.
ഓട്ടവീണ് , മങ്ങിയ
പുഴ പുതച്ച്,
മൊട്ടത്തലയിൽ അങ്ങിങ്ങ്
മരക്കുറ്റികളും പേറി,
ആണെന്നോ പെണ്ണെന്നോ
കൃത്യമായി അടയാളം
ചെയ്യാൻ
കഴിയാത്ത രൂപത്തെ ,
ശസ്ത്രക്രിയ ചെയ്യാത്ത
ഭിന്ന ലിംഗക്കാരിയെ/ കാരനെ പോലെ ,
സ്വത്വം തിരിച്ചറിയപ്പെട്ടില്ല.
കണ്ണിലാകാശവും,
ചിറകിൽ ഭൂമിയും
സ്വാതന്ത്ര്യത്തിനായി പിടഞ്ഞു.
നഗര മുറിയിൽ അപ്പോഴും
കാലുകളും കൈകളും
പരശരീരങ്ങളിൽ
ഇണയെ തിരഞ്ഞ് ,
ശ്വാസം മുട്ടിക്കൊണ്ടിരുന്നു.
പുറപ്പെട്ടിടത്ത് മറന്നു വെച്ച
പാഥേയം പോലെ ,
തുള വീണ ഹൃദയങ്ങൾ ,
ഗ്രാമത്തിന്റെ
വിശുദ്ധി പാത്രത്തിൽ
കേടുപാടുകൾ മാറ്റാൻ
പറിച്ചു വെയ്ക്കപ്പെട്ട് ,
ഊഴം കാത്തു നിൽക്കുന്നത്
മറ്റാർക്കും അറിയില്ലായിരുന്നു.
ചലനത്തിന്റെ തീവ്രത
എത്ര ആയത്തിലാക്കിയാലും,
ശബ്ദം
ഏതുയരത്തിലെറിഞ്ഞാലും,
കണ്ണിൽ പീളകൾ കെട്ടി കാഴ്ചയെ
കുരുക്കിട്ടു പിടിച്ച്,
നിലവിളികൾ എത്ര
വളർന്നാലും
ആർക്കും കേൾക്കാനാവാതെ
സ്വപ്നം ,
അലറി വിളിച്ചു കൊണ്ടിരുന്നത്,
ഗ്രാമത്തിന്റെ
അതിവേഗ വഴികളിൽ
വേവുന്ന ,
വിശപ്പിന്റെ അത്താഴക്കലങ്ങളിൽ ,
ഇനിയും അരിയിട്ടില്ലെന്നാണ്.
അവസാനിക്കാത്ത
നഗരദുരയുടെ
ചെളിമണ്ണ് കുഴച്ച് വെച്ച്,
വീണ്ടും വീണ്ടുമുയർത്തുന്ന സിംഹാസനങ്ങൾ
ഏത് രാജവംശത്തെ
ചരിത്രത്തിൽ ചേർക്കാനാണെന്ന്
ലോകത്തോടു ചോദിച്ച്
പിറ്റേന്ന് പുലർച്ചെ
തെരുവിലൊരു
മാലാഖ മരിച്ചു കിടന്നു.