മകനോട്

മകനോട്

സിമി രമേശൻ

ചെവി പൊട്ടിയൊലിച്ചതിന്റെ
ചൂരെന്നിൽനിന്നൊട്ടും
പോയിട്ടില്ലെന്റെ മോന്റെയെന്നോർത്ത്
കരഞ്ഞയമ്മതൻ നിലവിളികേൾക്കാതെ
യാത്രപോയപ്പോഴും
വർഷങ്ങൾ പിന്നിട്ടപ്പോഴും
മണ്ണായ നിന്നാത്മാവ്
അലഞ്ഞുതിരിഞ്ഞു-
നടക്കുന്നെന്ന് പറഞ്ഞുകേട്ടപ്പോഴാണ്
തനിച്ചുള്ളയാത്രയിൽ
എന്നെ കൊണ്ടുപോകുവാൻ
നീ വരുമെന്നെനിക്കു തോന്നിയത്.
കാത്തിരിപ്പിന്റെ രാത്രിയിൽ
സർവ്വസുഗന്ധിയുടെ ഗന്ധം തേടി
ഞാനലയവേ,
എന്നെ പിന്തുടരുകയല്ലാതെ
എന്നാണ് നീയെന്നെ കൊണ്ടുപോകാൻ വരിക ?