കാലത്തിനൊത്ത്

കാലത്തിനൊത്ത്

ഷിദിൽ ചെമ്പ്രശ്ശേരി

ഞാൻ നടന്ന നഗര വീഥിയിൽ
ഊടുവഴികളിൽ
ചുറ്റിലും പൊയ്മുഖങ്ങൾ മാത്രം,

പുഞ്ചിരി മറന്ന
പരിചിതം കാട്ടാത്ത
നിഗൂഢത നിറഞ്ഞ
ഇരുണ്ട മുഖങ്ങൾ

വഴിയോരത്തു കണ്ട
നാൽക്കാലി
ഒന്ന് പുഞ്ചിരിച്ചപ്പോൾ
ഞാൻ എന്നിലേക്ക് നോക്കി.
വേഷത്തിലും നടത്തത്തിലും
കുറവുകളൊന്നുമില്ലന്ന്
ഉറപ്പു വരുത്തി.

മുഖം കണ്ടാൽ
ഉള്ളറിയാമെന്ന വാക്കിന്ന്
ചവറ്റുകൊട്ടയിൽ
ഞെരിഞ്ഞമറന്നു.

കാലം മാറിയതറിയാതെ
പരിചിത മുഖങ്ങൾക്കായ്
പുഞ്ചിരി വരച്ചിട്ടാൽ
ചിലപ്പോൾ കൈ
മുഖത്തു വീണെന്നിരിക്കും

തിരക്കുകൾക്കും പിറകെ
തിരക്കിട്ടോടുന്ന
മനുഷ്യരിൽ ഞാനും
ഒരു പൊയ്മുഖം മാത്രം…..!