ഷിദിൽ ചെമ്പ്രശ്ശേരി
വഴിയോരം ചേർന്ന്
തനിയെ നടക്കും നേരം
ഞാൻ എന്നിലേക്ക്
ഊളിയിട്ടിറങ്ങാൻ തുനിഞ്ഞു,
മിഴികളിൽ പതിയും
കാഴ്ചകളോരോന്നും
എന്നെ കെട്ടി വലിച്ച്
വഴി തിരിച്ചു.
എന്നിലെ വേവലാതികളെ
ഇല്ലായ്മകളെ
തുരത്തിയോടിച്ചു
മിഴികൾ നനയിച്ചു.
ആരോരുമില്ലാത്തവർ
ഒട്ടിയ വയറുകൾ
എങ്കിലൊട്ടും മങ്ങാത്ത
ചുണ്ടിൽ
നിണ കണങ്ങളൊക്കെയും
ഊറ്റിക്കുടിച്ചിട്ടും
മതിവരാത്തവരാൽ
തഴയ്ക്കപ്പെട്ട
ചുക്കിച്ചുളിഞ്ഞവർ.
ഈ കാണും തെരുവിനും
മനുഷ്യകോലങ്ങൾക്കുമപ്പുറം
താൻ കാണാത്ത
ലോകമുണ്ടെന്നറിയാത്തവർ
ആട്ടിയോടിക്കപ്പെട്ടവർ
നിരപരാധിയായിട്ടും
ആരോരുമില്ലാത്തതിനാൽ
കള്ളനെന്നും കൊള്ളരുതാത്തവനെന്നും
മുദ്രണം ചെയ്യപ്പെട്ടവർ.
തിരിച്ചറിഞ്ഞു ഞാൻ
എൻ്റെ പരാതികൾ,
ഒറ്റപ്പെടലുകളൊന്നും
മുറിവുകളല്ലെന്ന്.
വഴികളിൽ,ഇടങ്ങളിൽ
കണ്ണുകൾ തുറന്നാൽ
സ്വന്തതയോർത്ത്
കരയുകില്ല നാം
പരാതി പറയുകില്ല നാം…!