ഷേർലി മണലിൽ
ഇലയടർന്നകൊമ്പിൽ
കെട്ടിത്തൂക്കപ്പെട്ട
ഒരുവളുടെ
കല്ലിച്ചഹൃദയം
ഉറങ്ങാൻ കൂട്ടാക്കുന്നില്ലത്രേ
അത്
ശ്മശാനങ്ങളിൽ
തെരയുന്നു
അതിന്
തൻ്റെയാത്മാവിനെ
തിരികെ വേണമത്രേ!
പൊട്ടിയടരുന്നതിന്
തൊട്ടുമുൻപ്
അവൾമൂളിയ കവിത
ഇലയടർന്നചില്ലയിൽ
കുടുങ്ങിക്കിടക്കുന്നു
അതിൻ്റെ മുറിവുപാടുകളിൽ
കട്ടുറുമ്പുകൾ
വരിവയ്ക്കുന്നു,
അവസാന വാക്കിൻ്റെയറ്റത്തെ
ചിഹ്നമേതെന്ന്
സന്ദേഹപ്പെടുന്നു.
അടക്കംചെയ്യപ്പെട്ട
ഒരുവളുടെ ഹൃദയം
ആത്മാവിനെ തെരയുന്നു,
ആത്മാവ്
അതിൻ്റെ ഹൃദയത്തെ മറന്നുപോകുന്നു
മറവികളെല്ലാം
മരണമാകുന്നു.