ഇയാസ് ചൂരൽമല
ചൂലുമായ് മുറ്റം ചെങ്ങാത്തം കൂടാത്തതിനാൽ
നിലമാകെയും കരിയിലകളാൽ
ചപ്പു ചവറുകളാൽ
അലങ്കരിക്കപ്പെട്ടിരിക്കുന്നു
ചട്ടിയിലിരിക്കും
ചെടികളൊക്കെയും
തൊണ്ട വരണ്ട്
തല കുനിച്ചിരിക്കുന്നു
മുഖതാവ് മുതൽ
അകത്തളം വരെയും
ഒറ്റപെട്ട കാൽപാടുകൾ
തെളിഞ്ഞു കിടക്കുന്നു
തീന്മേശയിൽ അങ്ങിങ്ങ്
വയറൊട്ടിയ വറ്റുകൾ
പുറത്താക്കപ്പെട്ട വേപ്പിലകൾ
സ്ഥാന ചലനം കാത്തിരിക്കുന്നു
അടുക്കള തിണ്ണയിൽ
പാതി കഴുകിയ പാത്രങ്ങളിൽ
പഞ്ചാര ഡപ്പിയിൽ
ഉറുമ്പുകൾ സവാരി നടത്തുന്നു
കിടപ്പറയിലാവട്ടെ
സ്ഥാനം മാറിയ വിരിപ്പും
ജോഡി തെറ്റിയ തലയിണയും
ആരെയോ കാത്തിരിക്കുന്നു
വിയർപ്പിനാൽ ശ്വാസം
മുട്ടും വസ്ത്രങ്ങളെ
ചുമന്നിടും അയൽ
നടുവൊടിഞ്ഞു നിൽക്കുന്നു
എവിടെ നിന്നൊക്കെയോ
പല്ലികൾ ചിലക്കുന്നു
പണിതത് മതിവരാതെ ചിലന്തികൾ
പുതു കൂര തീർക്കുന്നു
അവളെന്നു വരുമെന്ന
അയലത്തെ ചോദ്യത്തിനു
വാച്ചിലേക്ക് നോക്കി
തിരക്കിട്ടോടുമ്പോൾ
രണ്ടു ദിവസ്സം കഴിയുമെന്നയാൾ
ഉത്തരം നൽകി