മകൾ മരിച്ചന്ന്

മകൾ മരിച്ചന്ന്

ഇയാസ് ചൂരൽമല

പറഞ്ഞു ബാക്കിവച്ച
കഥകൾ ഇനി
ഞാൻ ആരെ
പറഞ്ഞു കേൾപ്പിക്കും

കേട്ടിരിക്കാൻ
സമയമില്ലാത്തതിനാൽ
പിന്നെ കേൾക്കാമെന്ന്
പറഞ്ഞു വച്ചവയൊക്കെയും
എനിക്കാരു പറഞ്ഞു തരും

ഉപ്പയുടെ
മറുചോദ്യങ്ങളിൽ നിന്ന്
രക്ഷ നേടാനായ്
ഇനി ഞാൻ ആർക്ക്
ജാമ്യം നിൽക്കും

എനിക്കൊന്ന്
തല വേദനിച്ചാൽ
രക്തമൊലിച്ചാൽ
ഈ വീടിനെ ആര്
ഉറങ്ങാതെ നോക്കും

നിന്നെ കെട്ടിക്കാനായെന്ന്
കുസൃതി പറഞ്ഞ്
ഇനി ഞാൻ
ആരുടെ മുഖത്ത്
ദേഷ്യം വരുത്തും

വയറു വേദനിക്കുന്നേന്നും
പറഞ്ഞെന്റെ മടിയിൽ
ആര് തല വെച്ചു കിടക്കും
എന്നെ ഇറുകെ കെട്ടിപ്പിടിക്കും

മുറ്റത്തെച്ചെടികളെ
കിങ്ങിണിപ്പൂച്ചയെ
അമ്മിണിപ്പശുവിനെ
ആര് തലോടും