ഹാഷിം സീരകത്ത്
നീ ആകാശംനോക്കരുത്..
അതിലുള്ള നക്ഷത്രങ്ങൾ നക്ഷത്രഫലമില്ലാത്ത
നിൻ്റേതല്ല.
അവയുടെ
പേരുകൾ നോക്കൂ..
രേവതി, രോഹിണി, അശ്വതി
ഇതൊന്നും
നിന്നിൽ പെട്ടതല്ല.
നീ പുഴകളെ നോക്കരുത്
അവയെ കുറിച്ച്
കവിത എഴുതരുത്
അവയും നിൻ്റെ മതക്കാരനല്ല
എങ്കിൽപറയൂ..
ഗംഗ,യമുന,കാവേരി
ഇവരാരെങ്കിലും…?
സൂര്യനും ചന്ദ്രനും എങ്ങനെ നിനക്കവകാശപ്പെട്ടതാവും?
സൂര്യൻ്റെ വെയിൽ
നീ കൊള്ളരുത്
ചന്ദ്രൻ്റെ പ്രകാശം
നീ ആസ്വദിക്കരുത്
വേണമെങ്കിൽ നിനക്ക്
കാക്കയെപ്പോലെ ജീവിക്കാം
ഒരു പരിഗണനയുമില്ലെങ്കിലും
കാക്ക സുഖമായി ജീവിക്കുമെന്ന് തിരിച്ചറിയാത്തവർക്കിടയിൽ.