ജി എസ് ദിവ്യ
വായിക്കണം
അന്യോന്യം ,
അവസരങ്ങൾ വിളിച്ചുണർത്തുമ്പോഴെല്ലാം ,
അവനവനെത്തന്നെയും .
അപ്പോൾ കാണാം ,
ചില വരികൾ ,
പടച്ചട്ടയണിഞ്ഞ്
വാക്കിൻ്റെ സൈന്യത്തെ
നിരത്തി
യുദ്ധത്തിനിറങ്ങുന്നത്.
നെറുകയിൽ
പന്തം കൊളുത്തി വച്ച്
നദിയിരുട്ടിലെ
ചങ്ങാട വെളിച്ചത്തിൽ ,
ദൂരങ്ങൾ താണ്ടുന്നത്.
കണ്ടതും കൊണ്ടതും
ഒരുക്കി വെച്ചതും ,
എല്ലാം വാരിപ്പിടിച്ച്
നമ്മൾ ഇറങ്ങിയോടുന്നത് ,
നമ്മളിൽ നിന്നും .
നേരിൻ്റെ ചോരത്തുടിപ്പുകൾ ,
നൂറ്റാണ്ടുകളുടെ കല്ലറകൾ
പൊളിച്ചു മാറ്റി ,
എന്നോ കണ്ണുകെട്ടി അടക്കിയ മമ്മികളെ
പുറത്തെടുത്ത് ,
ജീവൻ്റെ കഥകളെ
ഭൂതം കെട്ടിയാടിക്കുന്നത്,
വരികൾക്കിടയിൽ
കാലം കുഴിച്ചിട്ട
നിധി പുറത്തെടുത്ത് –
പങ്കു വെയ്ക്കുന്നത് .