മിഴിവെട്ടം

മിഴിവെട്ടം

കുടിയേല ശ്രീകുമാർ

ദൂരെയാ കടലിന്റെ
വന്യമാം ഗീതംകേട്ടാ-
കുലമനസുമായ്
ഞാനരികത്തിരിക്കെ
പോയകാലത്തിൻമണി –
മുത്തുകൾ വാരിക്കോരി
തൂമലർമേനിയാകെ
കോൾമയിർപൊഴിച്ചു നീ
ഒളികണ്ണാലെ നീയെൻ
മനസിൻ സവിധത്തിൽ
തിരിയൊന്നാളിച്ചതിൽ
ജ്വാലപോൽ പടരവെ
ചിരിയാലധരത്തിൽ
നിറയും മധുരത്തെ
അറിയാതടർത്തിയെൻ
മടിയിൽ കിടത്തവെ
മിഴിപൂട്ടുന്നു വാനം
ലാവണ്യത്തികവിനെ
തൂമഞ്ഞിൻ തുമ്പിനാലെ
ചുംബിക്കാനൊരുങ്ങുന്നു
പകലുംരാവും നീന്തി
പാതിരാവടുക്കവെ
ഇരുമെയ്യിരുൾപ്പായിൽ
ഉരുളായലിയുന്നു
ഇളകിത്തുള്ളിച്ചാടി
കാറ്റുവന്നനുരാഗ –
മണിവീണയിൽ പുതു –
രാഗങ്ങൾ പരതുന്നു
നിദ്രപോയൊളിച്ചൊരീ –
നിശയിൽ നിലാവിന്റെ
വെട്ടംപോൽ പരസ്പരം
മിഴികോർത്തിരുന്നിടാം!