ഇയാസ് ചൂരൽമല
കാലങ്ങൾക്ക് മുന്നേ
ഉയർന്നു നോക്കിയാൽ
ഒരു വശം കടൽ പരന്നിരുന്നു
മറുവശം പച്ച വിരിച്ചിരുന്നു
അന്ന് കാലത്തിനൊത്ത്
ഋതുക്കൾ വിരുന്നുവരുമായിരുന്നു
വസന്തം വിരിയുമായിരുന്നു
കാലാവർഷം കൂട്ടുകൂടുമായിരുന്നു
പുഴ കരകവിഞ്ഞതും
മല ഇടിഞ്ഞമർന്നതും
സൂര്യകിരണങ്ങൾ മേൽ പതിച്ചതും
അത്ഭുതമാലെ കേൾക്കുമായിരുന്നു
പഴയ ഭൂപടം ചിതൽ തിന്നു
നീല വരകൾ വറ്റിവരണ്ടു
ചതുര ചിത്രങ്ങൾ ഉയർന്നു പൊന്തി
പുതുമ തേടി മനുജൻ അലഞ്ഞു
തിര തൻ തൊണ്ടയിൽ
മാലിന്യം കുരുങ്ങി
തീരത്തിൻ നെഞ്ചിൽ
കയ്യേറ്റം തുടർന്നു
ശ്വാസകോശങ്ങൾ
ചുളിഞ്ഞു ചുരുങ്ങി
ദൈവമാഴ്ത്തിയ അണികൾ
ചെത്തി ചുരുക്കി
വർഷവും വസന്തവും
ശൈത്യവും ഉഷ്ണവും
കാലമേതെന്നറിയാതെ
വീടുവിട്ടിറങ്ങി തുടങ്ങി
മരണ വെപ്രാളത്താൽ പ്രകൃതി
വിരലൊന്നു കുടഞ്ഞു
തൊണ്ടപൊട്ടുമാർ ഛർദ്ദിച്ചു
കണ്ണീരു വാർത്തു ഉച്ചത്തിലലറി
കുടച്ചിലിൽ എടുപ്പുകൾ പിളർന്നു
ഛർദ്ദിയിൽ കടലൊന്നുയർന്നു
കണ്ണീരിൽ പലതും പുതിർന്നു
ശബ്ദമാൽ പലരും വിറച്ചു
പല ജീവനും ജീവിതവും ഓർമ്മയായ്
കണ്ടു നിന്നവരൊക്കെയും
മാന്യരായടക്കം പറഞ്ഞു
പ്രകൃതി നാശം വിതച്ചു
ഒത്തിരി ജീവൻ അപഹരിച്ചു..!