ദൈവം തിരക്കിലാ

ദൈവം തിരക്കിലാ

ഇയാസ് ചൂരൽമല

നിത്യവും കൈകൂപ്പിടാൻ
കരമുയർത്തി കേണിടാൻ
പാപങ്ങൾ കുമ്പസരിച്ചിടാൻ
പള്ളിമേടകൾ അമ്പലമുറ്റങ്ങൾ
തേടിയലയുന്നവരുണ്ട്

എത്ര
പള്ളിമിനാരങ്ങൾ കണ്ടിട്ടും
കുങ്കുമം തൊട്ടിട്ടും
കുരിശു വരച്ചിട്ടും
ആവലാതികളൊന്നുമെ
പടിയിറങ്ങിയതില്ല

മുന്നിൽ കൈ നീട്ടും
അന്യനെ കാണാറില്ല
ഭണ്ഡാരപ്പെട്ടിക്കപ്പുറമിരിക്കും
ഒട്ടിയ വയറുകൾ
കണ്ടതായ് നടിക്കാറില്ല

പിന്നെയെങ്ങനെ
വിളികേട്ടീടാനാ ദൈവം
നിൻ കണ്ണിൽ കാണാത്തവരെ
ചേർത്തു പിടിക്കാനുള്ള
തിരക്കിലാ ദൈവം

പശിയെന്തെന്നറിഞ്ഞ
രുചിയൊട്ടും വറ്റിടാത്ത
ആളും വയറുകൾക്കായന്നം
വിളമ്പുന്ന തിരക്കിലാ

ചുവരെന്തെന്നറിയാത്ത
കയറിയിരിക്കാനായൊരിടം
കാണിക്കാനില്ലാത്ത
പീടികത്തിണ്ണയിൽ വിറയാർന്നുറങ്ങും
മനുഷ്യരെ പുതപ്പിക്കുന്ന തിരക്കിലാ

ഇത്തിരി നേരത്തെ
സുഖം തേടി
വയറുന്തി വരുമ്പോൾ
ചവറ്റുകൊട്ടയിലെറിയപ്പെട്ട കുഞ്ഞിനെ
പുതു ലോകം കാണിക്കുന്ന
തിരക്കിലാ ദൈവം

എല്ലാം നഷ്ട്ടമായ്
ഉറ്റവരുടയവർ കൈ മലർത്തി
മരണം കൊതിക്കുന്നവന്റെ
തോളിൽ കൈവെച്ച്
തിരികെ നടത്തുന്ന
തിരക്കിലാ ദൈവം

ഇങ്ങനെ ഇങ്ങനെ
ചവിട്ടി താഴ്ത്തപെടുന്നവന്റെ
കണ്ണീരു വറ്റാത്തവരുടെ
കൈ പിടിച്ചു നടക്കുന്ന
തിരക്കിലാ ദൈവം

ദൈവത്തെ കാണാൻ
നീ മറ്റുള്ളവർക്കുമുന്നിൽ
ദൈവമായ് മാറുക
ദൈവം മറ്റുള്ളവരിലൂടെ
നിൻ മുന്നിൽ പ്രത്യക്ഷമായിടും..!