തനിച്ചിരിക്കാൻ

തനിച്ചിരിക്കാൻ

ഇയാസ് ചൂരൽമല

പകലോന്റെ ചൂടിൽ
വിയർത്തിരിക്കുമ്പോൾ
ഇത്തിരി ആശ്വാസത്തിനായ്
ദാഹിച്ചു ഞാൻ

കൂടെയിരിക്കുന്നവരാരുമേ
എന്നെ അറിഞ്ഞതില്ല
എനിക്കായ് ഇത്തിരി
മൗനം പകർന്നതില്ല

തനിച്ചിരിക്കാൻ കൊതിച്ചു
മൗനം കേൾക്കാൻ നിനച്ചു
ഇരുട്ടിൻ കൂട്ടിലണയാനായി
കാത്തിരുന്നു

പകലോൻ മറഞ്ഞ്
മൗനം വിരിഞ്ഞു
ഇരുട്ടിൻ കൂട്ടിൽ
ഞാൻ അണഞ്ഞു

എങ്കിലും രക്ഷയില്ലായിരുന്നു
പുറമെ ശാന്തത
വട്ടമിട്ടു പറന്നെങ്കിലും
ഉള്ളാകെയും തിളച്ചു മറിയുന്നു

ചിലരെ കുറിച്ചുള്ള
ഓർമ്മകൾ
ചില നഷ്ട ബോധങ്ങൾ
ചില വ്യാകുലതകൾ
ചില തിരിച്ചറിവുകൾ

തനിച്ചിരിക്കുമ്പോഴും
തനിച്ചായിരുന്നില്ല ഞാൻ
നിശബ്ദതയിലോ
മൗനം കാണാൻ കഴിഞ്ഞില്ല

ഒരുനാൾ ഓർമ്മകളെ
എനിക്ക് കൂട്ടിരിക്കുന്നവരെ
അങ്ങനെ എല്ലാത്തിനെയും
ഞാൻ നോക്കി ചിരിക്കും

അന്നവരാർക്കും
എൻ മൗനത്തെ,
ഏകാന്തതയെ,
ശൂന്യതയെ കീറി
മുറിക്കാൻ കഴിയുകയില്ല

തനിച്ചായിരിക്കും ഞാൻ
നിശ്ചലനായിരിക്കും
ഒരിക്കലും തുറക്കാത്ത
മരണമെന്ന ഇരുട്ടിലായിരിക്കും