അസ്ലം തൈപ്പറമ്പിൽ
ഇത്
കവിതയല്ല,
ഒരു ബലി മൃഗത്തിന്റെ
ഒസ്യത്താണ്.
ചില മൗനങ്ങൾ
ഇടിമുഴക്കത്തേക്കാൾ
ശബ്ദായമാകും.
അത് കേൾക്കാൻ
ഹൃദയത്തിലൊരു
ചെവി വേണം.
ചില കരച്ചിലുകൾ
കുതറാനാകാത്ത
അറവു മൃഗത്തിന്റ
കണ്ണിലേത് പോലെയാണ്.
അത് കാണാൻ
നെറുകയിലൊരു
കണ്ണു വേണം.
അന്ധരും
ബധിരരും
ഈ കവിത
വായിക്കരുത്.
ഞാൻ
പങ്കിട്ടു പോയ
ബലി മാംസമാണ്.
നിന്റെ അത്താഴം
എന്റെ മുറിച്ചെടുത്ത
ഹൃദയം കൊണ്ട്
സമൃദ്ധമാക്കുക.