നോക്കൂ നിസാരം

നോക്കൂ നിസാരം

ഇയാസ് ചൂരൽമല

കാഴ്ചയില്ലാത്തതിനാൽ
വഴിമുറിച്ചുകടക്കാൻ
ഭയന്നു നിൽക്കുന്നവന്റെ
കണ്ണായ് മാറിയിട്ടുണ്ടോ നിങ്ങൾ

കൈപ്പത്തിയില്ലാത്തതിനാൽ
നിലത്തുവീണ വല്ലതും
എടുക്കാൻ പാടുപെടുന്നവന്റെ
കൈയായ് മാറിയിട്ടുണ്ടോ നിങ്ങൾ

ബധിരനായതിനാൽ
വല്ലതും മനസ്സിലാവാതെ
ബുദ്ധിമുട്ടുന്നവന്റെ
കാതായ് മാറിയിട്ടുണ്ടോ നിങ്ങൾ

മുകനായതിനാൽ
ശബ്ദിക്കാൻ കഴിയാതെ
വീർപ്പുമുട്ടുന്നവന്റെ
ശബ്ദമായ് മാറിയിട്ടുണ്ടോ നിങ്ങൾ

കാലുകൾ ചലിക്കാത്തതിനാൽ
പടവുകൾ കയറാൻ
മടിച്ചു നിൽക്കുന്നവന്റെ
കാലായ് മാറിയിട്ടുണ്ടോ നിങ്ങൾ

ചിന്തിച്ചു നോക്കുമ്പോൾ
എത്ര എളുപ്പമാണല്ലേ
എത്ര തവണ എത്ര ഇടങ്ങളിൽ
നാം കാഴ്ചക്കാരായ് മാറിനിന്നിട്ടുണ്ട്

പ്രയാസപ്പെടുന്നവന്റെ ചുണ്ടിൽ
ചെറുപുഞ്ചിരി വിരിയിച്ചെടുക്കാൻ
എനിക്കോ, നിങ്ങൾക്കോ കഴിഞ്ഞാൽ
അതിനോളം മഹത്വമുള്ള
മറ്റെന്തുണ്ടീ ഭൂവിൽ