ധൈര്യം നൽകുന്നവർ

ധൈര്യം നൽകുന്നവർ

ഇയാസ് ചൂരൽമല

ഒരു ചെവി കേട്ട്
മറു ചെവി
പുറം തള്ളും വാർത്തയിൽ
പുതു ഇടം തീർത്തവൾ നീ

പ്രണയമെന്നൊരു
വാക്കിൽ കൊരുത്ത്
പ്രാണനെ അറിയാത്ത
ഒരുവൻ തൻ നഖങ്ങളിൽ
ബലിയാടായവൾ നീ

വീട്ടുകാർ പറയുന്നു
നാട്ടുകാർ സത്യം ചെയ്യുന്നു
അവൻ സൗമ്യനാണത്രെ
വിരൽ കടിക്കാത്തവനത്രെ

പിന്നെയെങ്ങനെ
സഹപാഠി തൻ കഴുത്തിൽ
ഇറുകെ പുണർന്നത്
രക്ത ചുംബനം പകർന്നത്

ഇന്നിത്ര ചിന്തിക്കാൻ
എന്തിരിക്കുന്നു
മുൻ കഴിഞ്ഞു പോയവർ
ഇന്നും സുഖജീവിതമല്ലയോ

പിഞ്ചു കുഞ്ഞിൽ
കാമം പകർന്നവർ
നെഞ്ചിലായ്
വെടിയുതിർത്തവർ
അച്ഛനമ്മ തൻ പ്രാണനെ
അനന്തരമായ് മുന്നേ പിടിച്ചവർ

ഇരുട്ടിലാവേണ്ടവരിനിയും
വെളിച്ചം കണ്ടു നടന്നാൽ
പതിവ് കേൾവികളിലിനിയും
കേൾക്കാൻ മടിക്കുന്നവ
നിത്യ കാഴ്ചകളായ് മാറിടും