പരസ്പരം

പരസ്പരം

ജി എസ് ദിവ്യ

ചില നേരങ്ങളിൽ
വീട്ടിലായിരിക്കുക എന്നാൽ,
ഏഴല്ല
പതിനാലു കടലുകൾക്കപ്പുറത്ത്
നീ വച്ചു പിടിപ്പിച്ച
പുസ്തക ദ്വീപിൽ,
ഭൂതത്താൽ കാവൽപ്പെടുന്ന
നിധി പോലെ
ചങ്ങലക്കാവലിൽ ,
നോക്കിനും വാക്കിനും പോലും
പൂർണ്ണമായും വിലക്കപ്പെട്ട് ,
കഥകൾക്കിടയിൽ ഒറ്റയ്ക്കിരുന്ന്
ശൂന്യമായ ചിറകിന്മേൽ ,
തൂവലുകൾ ഒന്നൊന്നായി
നട്ടു കിളിർപ്പിക്കുകയാണ് .
ഒച്ചകൾ ചുറ്റും
അലറി വിളിച്ച് ,
ഒച്ചുകളെപ്പോലെ
പറ്റിപ്പിടിച്ചിഴയുന്നത് ,
ഓർമ്മകളുടെ
ഉപ്പു കല്ലുകൾ തൊട്ട്
അടർത്തി മാറ്റി,
നീ നിശ്വസിക്കുന്നു.
എൻ്റെ അസ്വസ്ഥതകൾ
പിന്നെയും പിന്നെയും
അവിടെ ,
ചുരമാന്തി എത്തുമ്പോൾ ,
നീ പതുക്കെപ്പതുക്കെ
ചുട്ടു പഴുക്കാൻ തുടങ്ങുന്നു ,
കരയെ പോലെ,
അതെന്നെ ഏറ്റവും ആഴത്തിൽ
പൊള്ളിക്കുന്നതു വരെ.
പിന്നെ ,
ഞാൻ വേഗം
തണുക്കാൻ തുടങ്ങുന്നു ,
ജലത്തെ പോലെ.
അത് നിന്നെ
ഏറ്റവും ഗാഢതയിൽ
തണുപ്പിക്കുന്നതു വരെ .