ഷിനു കണ്ണൻ, വെഞ്ഞാറമൂട്
ഉടലുണ്ട് ഉയിരില്ല
മിഴിയുണ്ട് കനിവില്ല
നെറികേട് കണ്ടുവെന്നാൽ
ഉരിയാടാൻ നാവതില്ല.
മനസ്സിനെ മൂടി വെച്ച്
മനുഷ്യത്വമൊളിപ്പിച്ച്.
മൗനത്തെ മറവെച്ച്
മരിച്ചങ്ങ് കഴിയുന്നേ.
അവനായി പഠിച്ചു ഞാൻ
അവരെപ്പോൽ വളർന്നു ഞാൻ
ഒടുവിൽ ഞാൻ തിരഞ്ഞപ്പോൾ
എവിടേയും ഞാനതില്ല
നേരു കാണാൻ നേരമില്ല
നോവ് കാണാൻ ഉള്ളമില്ല
ലഹരിയാലെ കെട്ടിയിട്ടേ
ബാക്കി വന്ന മനസാക്ഷി
പണമൊക്കെ നേടിയിട്ടും
പദവിയാലേ മൂടിയിട്ടും
ഒടുവിലെന്റെ മിഴികൾ മൂടാൻ
ഒരു കരം ഞാൻ ചേർത്തതില്ലാ.
ബാക്കിയില്ലാ ബാല്യമിനിയും
ഓർത്തു വെയ്ക്കാനൊന്നുമില്ല
ഉള്ളിലുള്ള നോവ് തീർക്കാൻ
ചേർത്ത് നിർത്താൻ ആരുമില്ലാ
കാലമെങ്ങോ മായുന്നേ
കണ്ണു നീരും നീറുന്നേ
ദേഹിയില്ലാ ദേഹമായി
ഞാനുമിവിടെ വാഴുന്നേ.