ഇയാസ് ചൂരൽമല
എനിക്കായ്
നിനക്കായ്
ആഴ്ന്നിറങ്ങിയ
ചില വേരുകളുണ്ട്
നമ്മിൽ വിരിയും
വസന്തത്തിനായ്
വിയർപ്പൊഴുക്കിയ
ചില വേരുകൾ
പലപ്പോഴും
നാം കണ്ടില്ലെന്നു
നടിക്കുന്ന
പലരിൽ നിന്നും
അകറ്റി നിർത്തുന്ന
വിയർപ്പിന്റെ സുഗന്ധമുള്ള
ചില വേരുകൾ
മണ്ണിലൂന്നിയ
വേരുപോലെ
പുറത്തെടുത്താൽ മാത്രം
പുറമെ വരുന്ന വേരുകൾ
ആഴങ്ങളിലൂളിയിട്ട്
കിട്ടുന്നതൊക്കെയും
നമ്മിലൂർജം പകരാനായ്
പുതു നാമ്പുകൾ വിടരാനായ്
പകർന്നു നൽകുന്ന
ചില വരുകൾ
എത്രമേൽ
അവശനായാലും
അറിയിക്കാറില്ല
നാമൊട്ട് അറിയാറുമില്ല
അവരൊന്ന്
ഓട്ടം നിർത്തിയാൽ
നമ്മിൽ നിന്നുമറ്റുപോയാൽ
ഞാനും നീയും വാടിയുണങ്ങും
ചിലപ്പോൾ കടപുഴകി വീഴും
അച്ഛനെന്നോ
അമ്മയെന്നോ
ചേട്ടനെന്നോ അങ്ങനെ
പലപേരുകളുണ്ടാ
വേരുകൾക്ക്