ജലദേഹങ്ങൾ

ജലദേഹങ്ങൾ

എം ഒ രഘുനാഥ്

മരണത്തിലേക്ക്

കുതിച്ചൊഴുകുന്ന പുഴയായ്

ജലവേഷമണിഞ്ഞ മനുഷ്യർ…

മരണപത്രം നേടിയ അഹങ്കാരത്തിൽ

ഓളങ്ങൾതീർത്ത്

മത്സരിച്ചോടുകയാണവർ..!

പാതാളത്തിലേക്കുള്ള വഴിയോരങ്ങൾ

തിങ്ങിനിറഞ്ഞ്

ആരവമുതിർക്കുന്നു…

ജലവഴികളിൽ

അലിഞ്ഞണിചേരാൻ

ദേഹങ്ങൾ അഴുക്കിയെടുത്തലങ്കരിച്ച്

ഊഴംകാത്തുനിൽക്കുന്നവരുടെ

നീണ്ടനിര!

ഒഴുകിക്കൊണ്ടിരിക്കുന്ന ഓരോ ദേഹവും

ഒഴുക്കിടങ്ങളിൽ

വിശ്രമകേന്ദ്രങ്ങൾ കണ്ടെത്തുന്നു.

ചേർന്നിരുന്ന്, അവർ

പരസ്പരം പൂർവ്വാശ്രമകഥകൾ

പങ്കുവയ്ക്കുന്നു.

ഉദയക്രിയകളുടെ

മടുപ്പിക്കുന്ന അശ്ലീലങ്ങളിൽ നിന്ന്,

കാപട്യത്തിന്റെ

ഔദ്യോഗിക ബഹുമതികളിൽ നിന്ന്,

രക്ഷപ്പെട്ട്, കുതറിയോടിയതിന്റെ

വീരകൃത്യങ്ങൾ അയവിറക്കുന്നു!

നിറഞ്ഞുകവിഞ്ഞ

ഉടലൊഴുക്കുകളിലേക്ക്,

ജീവനുടുത്തുമടുത്ത ദേഹങ്ങൾ

അസൂയയോടെ

കണ്ണുകളെറിഞ്ഞുകൊണ്ടിരുന്നു…

ജലരൂപമാർജ്ജിക്കാനാവാതെ

ഒറ്റപ്പെട്ടുപോയവർ

കൃത്രിമശ്വാസത്തിന്റെ

ആദായ വില്പനകൾ നിരത്തി

വഴിവക്കുകളിൽ വിലപേശുന്നു.

കുതറിയോടിയവരുടെ

സൗഹൃദത്തടയണകൾ തകർക്കാൻ

അമർഷത്തോടെ പതിയിരിക്കുന്നു.

ആർത്തലച്ചൊഴുകുമ്പോഴും

ഒറ്റപ്പെട്ടുപോകുന്ന ജലദേഹങ്ങളെ

വലയിൽകുരുക്കി,

അഗ്നിയുടുപ്പിച്ച്

ആശ്വാസം കണ്ടെത്തുന്നു!

പാദങ്ങളിളകിയ

വിരലുകളഴുകിയ

ചുണ്ടുകൾ നീലിച്ച

മാറിടങ്ങൾ പുഴുത്ത

ഹൃദയരക്തം കട്ടപ്പിടിച്ച

മരണഹാരമണിഞ്ഞ ജലദേഹങ്ങൾ

ആഘോഷങ്ങളുടെ

വലിയ തിരമാലകൾതീർത്തപ്പോൾ,

ജീവഭാരത്തിൻ

പാപംപേറുന്ന ശരീരങ്ങൾ

ഭയന്നലമുറയിട്ട്,

ഒളിച്ചോടിക്കൊണ്ടിരുന്നു!

പല വലുപ്പത്തിൽ

പല വേഷങ്ങളിൽ

പല ഭാഷകളിൽ

പല നിറങ്ങളിൽ

ഉടലുകൾ, നീരുടുത്തൊന്നുചേർന്ന്

ഒരേയൊരു ലക്ഷ്യത്തിലേക്ക്

കുതിച്ചൊഴുകിക്കൊണ്ടിരുന്നു.

ആചാരങ്ങളുടെ അകമ്പടിയില്ലാതെ…

വിശ്വാസങ്ങളുടെ അടയാളങ്ങളില്ലാതെ…